ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ കിരീടം നേടുമെന്ന് എല്ലാ ക്രിക്കറ്റ് പ്രേമികളും വിശ്വസിച്ച ഒരു ടീമാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ് ടീം. എന്നാൽ ഇത്തവണ സീസണിൽ ആരും പ്രതീക്ഷിക്കാത്ത തകർച്ചകൾ നേരിട്ട രാജസ്ഥാൻ ടീമിന് പ്ലേഓഫിൽ പോലും യോഗ്യത നേടുവാൻ സാധിച്ചില്ല. എല്ലാ ക്രിക്കറ്റ് ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും രൂക്ഷ വിമർശനം കേൾക്കുന്ന സഞ്ജുവിനെയും ടീമിനെയും പരിഹസിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബാറ്റിങ് നിരയുടെ മോശം പ്രകടനവും ലക്ഷ്യബോധമില്ലാത്ത സെലക്ഷൻ രീതികളുമാണ് രാജസ്ഥാൻ ടീമിന്റെ പതനത്തിനുള്ള കാരണമെന്ന് ചൂണ്ടികാട്ടുന്ന ആകാശ് ചോപ്ര നായകൻ സഞ്ജുവിനെയും വിമർശിച്ചു. ഇത്തവണ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 9ലും തോറ്റ രാജസ്ഥാൻ ടീം 10 പോയിന്റുകൾ നേടി അവസാന സ്ഥാനത്താണ്.
അവസാന മത്സരത്തിൽ 86 റൺസിന്റെ പടുകുറ്റൻ തോൽവി വഴങ്ങി പ്ലേഓഫ് പോലും കാണാതെ സീസണിൽ നിന്നും പുറത്തായ രാജസ്ഥാൻ ടീമിന്റെ ചില മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നാണ് മുൻ താരത്തിന്റെ അഭിപ്രായം. “ഈ സീസൺ ഒരിക്കലും ഒരു രാജസ്ഥാൻ ആരാധകരും ഓർക്കാൻ ആഗ്രഹിക്കില്ല. രാജസ്ഥാൻ ടീം ഈ സീസണിൽ ഓരോ കളിയിലും പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താറുണ്ട്. ഇന്നലെ നടന്ന കളിയിൽ കൂടി ചില മാറ്റങ്ങൾ നടത്തി. സീസണിൽ 25ലേറെ മാറ്റങ്ങൾ നടത്തിയ ടീമിന് ഈ തോൽവി മറക്കാൻ കഴിയില്ല. എനിക്ക് സംശയമുണ്ട് ടീമിലെ മാറ്റങ്ങൾ നായകൻ സഞ്ജുവിന് പോലും ഒരുവേള ഓർക്കാൻ കഴിയുമോ “ചോപ്ര വിമർശിച്ചു.
“നായകൻ സഞ്ജുവിന്റെ മത്സരത്തിലെ ക്യാപ്റ്റൻസിയിൽ എനിക്ക് അനേകം ചോദ്യങ്ങൾ ഉന്നയിക്കാനുണ്ട്. അദ്ദേഹം ബൗളിങ്ങിൽ കൊണ്ടുവന്ന മാറ്റങ്ങൾ സംഭവബഹുലമാണ്. ഇന്നലെ ഫിലിപ്സ്, തെവാട്ടിയ എന്നിവരുടെ ഓരോ ഓവർ ഉപയോഗിച്ച സഞ്ജു മികച്ച രീതിയിൽ ബൗൾ ചെയ്ത ശിവം ദൂബൈ, ജയദേവ് ഉനദ്ഘട്ട് എന്നിവരെ പാതിവഴിയിലാണ് പിൻവലിച്ചത്.കൂടാതെ സഞ്ജുവിന്റെ പല റിവ്യൂ കോളുകളും മോശം തന്നെ. അത് എല്ലാം നമുക്ക് മറക്കാൻ കഴിയില്ല “ചോപ്ര ചൂണ്ടികാട്ടി.
“ഡിആർഎസ് എന്നാൽ ഡോണ്ട് റിവ്യൂ സഞ്ജു എന്നാണോ എന്നും പോലും ചില സമയം തോന്നിപോകും.ഒരു റിവ്യൂവിൽ മികച്ച തീരുമാനം എടുക്കാനായി സഞ്ജു ശ്രമിക്കണം. അദ്ദേഹം ക്യാപ്റ്റൻ എന്ന റോളിന് ഒപ്പം ടീമിന്റെ വിക്കറ്റ് കീപ്പർ റോളും നിർവഹിക്കുന്നുണ്ട്. റിവ്യൂവിൽ അദ്ദേഹം പൂർണ്ണ പരാജയമായിരുന്നു” ആകാശ് ചോപ്ര പരിഹസിച്ചു.