രോഹിത് കഴിഞ്ഞ 5 വർഷങ്ങളിൽ കളിച്ചത് 59% മത്സരങ്ങൾ, കോഹ്ലി 61%, ബുമ്ര 34%. ഇനിയും വിശ്രമം എന്തിന്? മുൻ ഇന്ത്യൻ താരം ചോദിക്കുന്നു.

rohit and kohli test

2024ൽ ഇനി ഇന്ത്യൻ ടീമിന് മുൻപിലുള്ളത് ടെസ്റ്റ് പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾക്കെതിരെ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ ഇന്ത്യയ്ക്ക് വരികയാണ്. ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങൾ ഇന്ത്യ ആരംഭിക്കേണ്ട സമയമായിരിക്കുന്നു.

ഇതിനായുള്ള വലിയൊരു അവസരം തന്നെയായിരുന്നു ദുലീപ് ട്രോഫി ടൂർണമെന്റ്. ഇന്ത്യയുടെ ആഭ്യന്തര ലീഗായ ദുലീപ് ട്രോഫിയിൽ കളിച്ച് വമ്പൻ മത്സരങ്ങൾക്കായി തയ്യാറെടുക്കാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ദുലീപ് ട്രോഫിയിൽ നിന്ന് സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിക്കുകയാണ് ചെയ്തത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഈ താരങ്ങൾക്ക് ദുലിപ് ട്രോഫിയിൽ നിന്ന് വിശ്രമം അനുവദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് മഞ്ജരേക്കർ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ തുച്ഛമായ മത്സരങ്ങളിൽ മാത്രമാണ് ഈ സീനിയർ താരങ്ങൾ കളിച്ചത് എന്ന് മഞ്ജരേക്കർ പറയുകയുണ്ടായി. അതിനാൽ തന്നെ ആവശ്യമായ വിശ്രമം ഈ താരങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് മഞ്ജരേക്കർ കരുതുന്നത്. ഈ കണക്കുകളൊക്കെയും വിലയിരുത്തിയ ശേഷമായിരുന്നു മഞ്ജരേക്കറുടെ പ്രസ്താവന. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് മുൻ താരം നിലപാട് വ്യക്തമാക്കിയത്.

“കഴിഞ്ഞ 5 വർഷത്തിനിടെ 249 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ രോഹിത് ശർമ കളിച്ചിട്ടുള്ളത് 59% മത്സരങ്ങൾ മാത്രമാണ്. വിരാട് കോഹ്ലി 61% മത്സരങ്ങളും, ബുംമ്ര 34 % മത്സരങ്ങളും കളിച്ചിരിക്കുന്നു. അതിനാൽ തന്നെ അവർക്ക് കഴിഞ്ഞ വർഷങ്ങളിലൊക്കെയും ആവശ്യമായ വിശ്രമം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ അവരെ ദുലീപ് ട്രോഫി മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് ആയിരുന്നു.”- സഞ്ജയ് മഞ്ജരേക്കർ പറയുന്നു. ഇവരെ കൂടാതെ ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയും താരങ്ങൾ രംഗത്ത് വരികയുണ്ടായി.

Read Also -  KCL 2024 : 213 റണ്‍സ് ചേസ് ചെയ്ത് കൊല്ലം. സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ പ്രഥമ കിരീടം.

ഇത്ര വലിയ അവസരം പരിശീലനത്തിനായി ലഭിച്ചിട്ടും അത് ഇന്ത്യൻ സീനിയർ താരങ്ങൾ മുതലാക്കാതെ വന്നതിലുള്ള അമർഷമാണ് സഞ്ജയ് മഞ്ജരേക്കർ പ്രകടിപ്പിച്ചത്. ദുലീപ് ട്രോഫിക്കായി മുൻപ് ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജഡേജയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ഇതിന്റെ കാരണം വ്യക്തമല്ല.

മാത്രമല്ല പകരക്കാരനായി ഒരു താരത്തെയും ഇതുവരെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ജഡേജയ്ക്കൊപ്പ് മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നിവരെയും സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. പരിക്കുമൂലമാണ് ഈ താരങ്ങളെ മാറ്റി നിർത്തിയിരിക്കുന്നത്. ഇവർക്ക് പകരക്കാരായി നവദീപ് സൈനി, ഗൗരവ് യാദവ് എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Scroll to Top