KCL 2024 : 213 റണ്‍സ് ചേസ് ചെയ്ത് കൊല്ലം. സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ പ്രഥമ കിരീടം.

sachin baby century scaled

സച്ചിൻ ബേബിയുടെ ആറാട്ടിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി കൊല്ലം സൈലേഴ്സ്. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ വമ്പൻ ലക്ഷ്യം മറികടന്നാണ് കൊല്ലം അവിശ്വസനീയമായി കിരീടം ഉയർത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 213 എന്ന വമ്പൻ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ സച്ചിൻ ബേബി നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. തന്റെ കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയ സച്ചിൻ അവിസ്മരണീയമായ രീതിയിൽ ടീമിനെ കിരീടം ചൂടിക്കുകയായിരുന്നു. മത്സരത്തിൽ 54 പന്തുകളിൽ 105 റൺസാണ് സച്ചിൻ സ്വന്തമാക്കിയത്. 6 വിക്കറ്റുകൾക്കാണ് ഫൈനലിലെ കൊല്ലത്തിന്റെ വിജയം.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ കൊല്ലം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് കാലിക്കറ്റ് ടീമിന് ബാറ്റിംഗിൽ ലഭിച്ചത്. നായകൻ രോഹൻ കുന്നുമലിന്റെ വെടിക്കെട്ട് ആയിരുന്നു പവർപ്ലെ ഓവറുകളിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ അർദ്ധസെഞ്ച്വറി രോഹൻ സ്വന്തമാക്കി. 26 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 51 റൺസാണ് രോഹൻ നേടിയത്. ശേഷമെത്തിയ അഖിൽ സ്കറിയയും അടിച്ചുതകർത്തതോടെ കാലിക്കറ്റ് കുതിച്ചു. മധ്യ ഓവറുകളിൽ വെടിക്കെട്ട് തീർക്കാൻ അഖിൽ സ്കറിയയ്ക്കും അജിനാസിനും സാധിച്ചു.

അഖിൽ സ്കറിയ 30 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 50 റൺസാണ് സ്വന്തമാക്കിയത്. അജ്നാസ് 24 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 56 റൺസ് നേടി. ഒപ്പം അവസാന ഓവറുകളിൽ സൽമാൻ നിസാറും അടിച്ചുതകർത്തതോടെ കാലിക്കറ്റ് ഒരു വമ്പന്‍ സ്കോറിൽ എത്തുകയായിരുന്നു. 20 ഓവറുകളിൽ 6 വിക്കറ്റുകളുടെ നഷ്ടത്തിൽ 213 റൺസ് ആണ് കാലിക്കറ്റ് സ്വന്തമാക്കിയത്. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊല്ലത്തിന് തുടക്കത്തിൽ പിഴച്ചു. 6 പന്തുകളിൽ 13 റൺസ് നേടിയ അരുൺ പൗലോസിന്റെ വിക്കറ്റ് ആദ്യം തന്നെ കൊല്ലത്തിന് നഷ്ടമായി. ശേഷമാണ് നായകൻ സച്ചിൻ ബേബി അഭിഷേക് നായർക്കൊപ്പം ക്രീസിലുറച്ചത്.

Read Also -  "ഇനിയും നീ റൺസ് നേടണം, അല്ലെങ്കിൽ അവർ നിന്നെ ഒഴിവാക്കും" സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരം.

അഭിഷേക് നായർ 16 പന്തുകളിൽ 25 റൺസ് നേടി പുറത്തായിട്ടും സച്ചിൻ ബേബി ഒരു വശത്ത് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടുകൂടി സച്ചിൻ നീങ്ങി. സച്ചിന് മികച്ച പിന്തുണയാണ് വത്സൽ ഗോവിന്ദ് നൽകിയത്. മത്സരത്തിൽ 27 പന്തുകളിൽ 45 റൺസാണ് ഗോവിന്ദ് നേടിയത്. ഗോവിന്ദ് പുറത്തായ ശേഷവും സച്ചിൻ ആക്രമണം അഴിച്ചുവിട്ടു. അവസാന 3 ഓവറുകളിൽ 29 റൺസായിരുന്നു കൊല്ലത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത്. സച്ചിൻ ഇതിനായി പൊരുതി. ഓവറിൽ ഒരു പടുകൂറ്റൻ സിക്സർ നേടിയാണ് സച്ചിൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 52 പന്തുകളിൽ നിന്നായിരുന്നു സച്ചിൻ ബേബി തന്റെ രണ്ടാം കെസിഎൽ സെഞ്ച്വറി നേടിയത്. ഇതോടെ കൊല്ലം ഫൈനലിൽ അനായാസ വിജയം സ്വന്തമാക്കി.

Scroll to Top