2022 ഐപിഎല്ലില്‍ രാഹുല്‍ തെവാട്ടിയപ്പോലുള്ള ഒരു ഓള്‍റൗണ്ടറെ മിസ്സ് ചെയ്തു എന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റിയാന്‍ പരാഗും സമാന റോളായിരുന്നു ചെയ്തുവെങ്കിലും വേണ്ടത്ര സ്ഥിരതിയില്ലായിരുന്നു എന്ന് അദ്ദേഹം ചൂണ്ടികാട്ടി. 2008 നു ശേഷം ആദ്യമായി ഫൈനലില്‍ കടന്ന രാജസ്ഥാന്‍ റോയല്‍സിനു കലാശപോരാട്ടത്തില്‍ വിജയിക്കാനായില്ലാ.
സഞ്ചു സാംസണ്‍ നയിച്ച ടീമിനെ സഞ്ജയ് മഞ്ജരേക്കര്‍ വിശകലനം ചെയ്തു. “അടുത്ത സീസണിലും RR ടീമിന്റെ 80-90 ശതമാനം ശരിയായിട്ടുണ്ട്. റിയാൻ പരാഗിനേക്കാൾ അൽപ്പം സ്ഥിരതയുള്ള, 2-3 ഓവർ ബൗൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്ററെയാണ് അവർക്ക് വേണ്ടത്. രാഹുൽ തേവാട്ടിയയെ പോലെയുള്ള ഒരാൾ ഈ ടീമില്‍ നല്ല ഫിറ്റായിരിക്കും ” ക്രിക്ക്ഇന്‍ഫോയിലെ ചര്‍ച്ചക്കിടെ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഈ സീസണില്‍ 14 ഇന്നിംഗ്സില്‍ നിന്നായി 183 റണ്‍സാണ് പരാഗ് നേടിയത്. ബൗളിംഗിലാകട്ടെ 14.75 എക്കോണമിയില്‍ നേടിയത് 1 വിക്കറ്റ് മാത്രം. പക്ഷേ ഫീല്‍ഡിങ്ങില്‍ മികച്ച നിന്ന താരം, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ഇന്ത്യന്‍ ഫീല്‍ഡര്‍ എന്ന റെക്കോഡ് സ്വന്തമാക്കി.
മുൻ ന്യൂസിലൻഡ് നായകൻ ഡാനിയൽ വെട്ടോറിയും ഫൈനലിൽ എത്തിയിട്ടും RR ന് കിരീടം ഉയർത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന തന്റെ കാഴ്ചപ്പാടുകൾ പറഞ്ഞു. ജോസ് ബട്ട്‌ലറിലുള്ള ടീമിന്റെ അമിത ആശ്രയം ടീമിനു തിരിച്ചടിയായി എന്ന് മുന്‍ കീവിസ് താരം അഭിപ്രായപ്പെട്ടു:
“നിങ്ങൾ ബട്ട്‌ലറെ ആ ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കില്‍, ആ ബാറ്റിംഗ് നിര നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? ഹെറ്റ്‌മെയർ ഉണ്ട്, ജയ്‌സ്വാൾ തനിക്ക് ആക്രമണോത്സുകനാകുമെന്ന് ചിലപ്പോഴൊക്കെ കാണിച്ചുതന്നു. ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ എന്നിവരും. പക്ഷേ, അസാധാരണമായ ഒരു സീസൺ ഉണ്ടായിരുന്ന ബട്ട്‌ലറെപ്പോലെ മികച്ച മറ്റാരുമില്ല. ” എട്ടാമതായി ട്രെന്‍റ് ബോള്‍ട്ട് വരുന്ന ബാറ്റിംഗ് നിര വളരെ ചെറുതാണെന്നും വെട്ടോറി അഭിപ്രായപ്പെട്ടു.