ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത കാലത്ത് ഒന്നും ഇത്തരത്തിൽ ഒരു ദയനീയ ടെസ്റ്റ് തോൽവി നേരിട്ടിട്ടില്ല. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷണം കരസ്ഥമാക്കിയ കോഹ്ലിയും സംഘവും സതാംപ്ടണിലെ ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് ബാറ്റിംഗിലും ബൗളിങ്ങിലും വമ്പൻ തോൽവിയാണ് വഴങ്ങിയത്. എട്ട് വിക്കറ്റിന് ആധികാരിക വിജയം നേടിയ കിവീസ് ടീമിലെ എല്ലാ പേസ് ബൗളർമാരും ഒപ്പത്തിനൊപ്പം മിന്നും പ്രകടനം കാഴ്ചവെച്ചപ്പോൾ ടീം ഇന്ത്യയിലെ ബാറ്റ്‌സ്മാന്മാർക്ക് ഒരു അർദ്ധ സെഞ്ച്വറി പോലും നേടുവാൻ കഴിഞ്ഞില്ല. ഫൈനലിലെ തോൽവിക്ക് പിന്നാലെ മിക്ക ആരാധകരും മുൻ താരങ്ങളും അടക്കം രൂക്ഷ ആക്ഷേപം ഉന്നയിക്കുന്നത് ഇന്ത്യൻ ബാറ്റിംഗിന് എതിരെയാണ്.
എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്ലെയിങ് ഇലവനിലെ മോശം സെലക്ഷനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.ഫൈനലിൽ രണ്ട് സ്പിൻ ബൗളർമാരെ കളിപ്പിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനം മണ്ടത്തരം എന്നാണ് താരം വിശദീകരിക്കുന്നത്. ഫൈനലിനുള്ള പിച്ചിലെ സാഹചര്യം മനസ്സിലാക്കാതെയുള്ള ഈ തീരുമാനവും ഒപ്പം രണ്ടാം സ്പിന്നറായ ജഡേജയെ കളിപ്പിച്ചതുമാണ് ഫൈനലിൽ തിരിച്ചടി സമ്മാനിച്ചതെന്നും മഞ്ജരേക്കർ തുറന്ന് പറയുന്നു.
മുൻപും ജഡേജയുമായുള്ള സഞ്ജയ് മഞ്ജരേക്കറുടെ ചില പരാമർശങ്ങൾ വിവാദമായിട്ടുണ്ട്.ഫൈനലിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ജഡേജക്ക് പകരം ഹനുമാ വിഹാരി കളിക്കണമെന്ന് താരം ഫൈനലിന് മുൻപും അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. “മൂടികെട്ടിയ ഒരു അന്തരീക്ഷത്തിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനുള്ള തീരുമാനം തെറ്റി എന്ന് ഫൈനൽ തെളിയിച്ചു. വളരെയേറെ ടെൺ ലഭിക്കുന്ന പിച്ചിൽ ജഡേജ ഏറെ മികച്ച സെലക്ഷൻ ആണ്. പക്ഷേ ഹനുമാ വിഹാരിയെ പോലെ ഒരു സ്പെഷ്യലിസ്റ് ബാറ്റ്‌സ്മാൻ ടീമിലുള്ളപ്പോൾ എന്തിന് അദ്ദേഹത്തെ ഒഴിവാക്കി. വിഹാരി ഈ ഫൈനലിൽ കളിച്ചുരുന്നേൽ അത് ഇന്ത്യൻ സ്കോർ ഉയർത്തുവാൻ വളരെ സഹായകമായേനെ “മഞ്ജരേക്കർ തന്റെ വിമർശനം കടുപ്പിച്ചു.