പതിനഞ്ചാമത് ഐപിഎൽ സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണത്തെ മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയൻ്റ്‌സ്, രാജസ്ഥാൻ റോയൽ എന്നിവരും, ഗ്രൂപ്പ് ബിയിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് പഞ്ചാബ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ്. 74 മത്സരങ്ങളാണ് ഇത്തവണ ഉണ്ടാവുക. എഴുപതു മത്സരങ്ങൾ മുംബൈയിലെ 3 വേദികളിലും ബാക്കി മത്സരങ്ങൾ പൂനെയിലും ആണ് നടക്കുക.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ഇത്തവണ കരുത്തൻമാരാണ്. പുതിയ സീസൺ പടിവാതിൽക്കൽ നിൽക്കെ പ്രതീക്ഷകൾ കുറിച്ച് സംസാരിക്കുകയാണ് ഡയറക്ടറും ശ്രീലങ്കൻ മുൻ താരവുമായ കുമാർ സംഗക്കാര.
താരത്തിൻറെ വാക്കുകളിലൂടെ..
“കഴിഞ്ഞ സീസണിന് ശേഷം ടീമിൻറെ ബലഹീനതകൾ മനസ്സിലാക്കിയിട്ടുണ്ട്. ചില പോരായ്മകളുണ്ട് അതിനെക്കുറിച്ച് വ്യക്തമായി പഠിച്ചു. മെഗാതാര ലേലത്തിന് കൃത്യമായ പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ വിജയിക്കുകയും ചെയ്തു. യുസ്‌വേന്ദ്ര ചഹൽ, ആർ അശ്വിൻ, ലോകത്തിലെ മികച്ച രണ്ടു സ്പിന്നർമാരെ ആണ് ഞങ്ങൾക്ക് ലഭിച്ചത്. ട്രെൻഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സൈനി, കോർട്ടർ നൈൽ തുടങ്ങിയ പേസർമാർ ഉണ്ട്. യശ്വസി ജയ്സ്വാൾ, സഞ്ജു സാംസൺ, ജോസ് ബട്‌ലർ, എന്നിവരും ചേരുമ്പോൾ ടീം സന്തുലിതം ആവും.
ജിമ്മി നീഷാം, ഡാരിൽ മിച്ചൽ, വാൻഡർ ഡസൻ എന്നിവർ ബാറ്റിംഗിൽ ശക്തരാണ്. ആരെ ഉൾപ്പെടുത്തും എന്നതിൽ ആണ് ആശയകുഴപ്പം ഉള്ളത്. ശക്തമായ നിര ഒരുക്കാൻ തന്നെയാണ് ടീം മാനേജ്മെൻറ് ശ്രമിക്കുന്നത്.”സംഗക്കാര പറഞ്ഞു.
ലോകത്തിലെ മികച്ച സ്പിന്നറും രാജസ്ഥാൻ റോയൽസ് മുൻ ക്യാപ്റ്റനായിരുന്ന ഇതിഹാസതാരം ഷൈൻ വോണിൻ്റെ വിയോഗത്തെ കുറിച്ചും സംഗക്കാര സംസാരിച്ചു.
“വോൺ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വിയോഗം ക്രിക്കറ്റിനു വലിയ നഷ്ടം ഉണ്ടാക്കിയതാണ്. അദ്ദേഹത്തോടൊപ്പമുള്ള സമയം നന്നായി ആസ്വദിച്ചു.”സംഗക്കാര പറഞ്ഞു.