ഐപിൽ പതിനഞ്ചാം സീസൺ കിരീടം സ്വപ്നം കാണുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇത്തവണ സീസണിൽ ഉടനീളം മികച്ച പ്രകടനവുമായി ശ്രദ്ധയമായ രാജസ്ഥാൻ ടീം പോയിന്റ് ടേബിളിലെ രണ്ടാമത്തെ സ്ഥാനവും രണ്ടാം ക്വാളിഫേയറിലെ ജയവുമായിട്ടാണ് ഫൈനലിലേക്ക് എത്തുന്നത്.
നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഹാർദിക്ക് പാണ്ട്യ നയിക്കുന്ന ഗുജറാത്തിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ സഞ്ജുവും ടീമും ലക്ഷ്യമിടുന്നില്ല. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം രാജസ്ഥാൻ ടീം ആദ്യമായി ഐപിൽ ഫൈനലിലേക്ക് എത്തുമ്പോൾ കയ്യടികൾ ധാരാളം സ്വന്തമാക്കുന്നത് ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടിയാണ്.
ബാറ്റ്‌സ്മാൻ റോളിൽ ഈ സീസണിൽ സഞ്ജു 150 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 440 റൺസ് നേടിയിട്ടുണ്ട്. കൂടാതെ വിക്കറ്റിന് പിന്നിലും മനോഹരമായി തിളങ്ങുന്ന സഞ്ജുവിന്റെ മികവിനെ വാനോളം പുകഴ്ത്തുകയാണ് രാജസ്ഥാൻ റോയൽസ് ടീം കോച്ച് കുമാർ സംഗക്കാര. സഞ്ജു ഈ സീസണിൽ മൂന്ന് റോളിലും കാഴ്ചവെക്കുന്നത് അവിസ്മരണീയ പ്രകടനമാണെന്ന് പറഞ്ഞ സംഗക്കാര കഴിഞ്ഞ സീസണിനെ കുറിച്ചും മനസ്സ് തുറന്നു.
” ഈ ഐപിഎല്ലിൽ ഞങ്ങൾ എല്ലാം വളരെ വ്യക്തമായ പ്ലാനിലാണ് വന്നത്.ഇത്തവണ വളരെ മികവിലാണ് സഞ്ജു ഞങ്ങൾക്കായി ഓരോ റോളും നിർവഹിച്ചത്. ബട്ട്ലർക്ക് ഒപ്പം ബാറ്റ് കൊണ്ട് തിളങ്ങിയ സഞ്ജു വിക്കറ്റിന് പിന്നിലും തിളങ്ങി. കൂടാതെ ക്യാപ്റ്റൻസി റോളിൽ അദ്ദേഹം തന്റെ കഴിവ് എന്തെന്ന് കാണിച്ചു തന്നു. കഴിഞ്ഞ സീസണിൽ താരങ്ങളുടെ പരിക്കും ബയോ ബബിളിലെ ആശങ്കകളും എല്ലാം തിരിച്ചടിയായെങ്കിൽ ഇത്തവണ കാര്യങ്ങൾ വേറെ തലത്തിലാണ്. മൂന്ന് റോളും ഭംഗിയായി നോക്കിയ ഒരു താരമാണ് സഞ്ജു “സംഗക്കാര വാചാലനായി.