ഈ പോരായ്മയുമായി ഇറങ്ങിയാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടില്ല. പ്രശ്‍നം ചൂണ്ടിക്കാട്ടി മുൻ പാക് താരം.

2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയങ്ങളാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും വർദ്ധിച്ചിട്ടുണ്ട്. 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിൽ 2 മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം മത്സരത്തിൽ 99 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ വലിയൊരു പോരായ്മ എടുത്തുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം സയ്യിദ് അൻവർ. ഇന്ത്യയുടെ മത്സരത്തിലെ ഡെത്ത് ബോളിങ്ങിനെ വിമർശിച്ചാണ് അൻവർ രംഗത്ത് എത്തിയിരിക്കുന്നത്.

അവസാന ഓവറുകളിൽ ഇത്തരത്തിൽ മോശം ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമാവും എന്നാണ് അൻവർ പറയുന്നത്. രണ്ടാം മത്സരത്തിൽ ഷോൺ അബോട്ട് നടത്തിയ വെടിക്കെട്ട് ആക്രമണത്തിന് ശേഷമാണ് അൻവർ പ്രതികരിച്ചിരിക്കുന്നത്. പൂർണ്ണമായും ഇന്ത്യ മത്സരത്തിൽ ആധിപത്യം നേടിയ സമയത്തായിരുന്നു ഷോൺ അബോട്ട് ക്രീസിൽ എത്തിയത്. ഇന്ത്യൻ ബോളർമാരെ പൊതിരെ തല്ലാൻ ഷോൺ അബോട്ടിന് സാധിച്ചു. 35 പന്തുകൾ നേരിട്ട ഷോൺ അബോട്ട് മത്സരത്തിൽ 54 റൺസാണ് നേടിയത്. ഇത്തരത്തിൽ ഇന്ത്യക്കെതിരെ അബോട്ട് ആക്രമണം അഴിച്ചുവിട്ടത് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇപ്പോൾ സൈദ് അൻവർ ചൂണ്ടിക്കാട്ടുന്നത്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മത്സരത്തിൽ ഷോൺ അബോട്ടിന്റെ ഇന്നിംഗ്സ് അവിസ്മരണീയം തന്നെയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അത് ഞെട്ടിപ്പിക്കുന്ന ഒരു പ്രകടനം തന്നെയായിരുന്നു. നിലവിൽ ഇത്തവണത്തെ ലോകകപ്പിലെ ഫേവറേറ്റുകൾ ഇന്ത്യയാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇന്ത്യൻ മൈതാനങ്ങളിലെ ഈ ചെറിയ ബൗണ്ടറികളും ഇത്തരത്തിലുള്ള മോശം ഡെത്ത് ബോളിംഗും ഇന്ത്യയെ ലോകകപ്പിൽ നിന്ന് അകറ്റിനിർത്താൻ സാധ്യതയുണ്ട് എന്ന് പറയാം.”- സയ്യിദ് അൻവർ പറയുന്നു.

2023ന്റെ തുടക്കം മുതൽ 20 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഡെത്ത് ഓവറുകളിൽ 7.82 എക്കണോമി റെറ്റിലാണ് ഇന്ത്യ ബോൾ ചെയ്തിട്ടുള്ളത്. ഇത് മറ്റ് ടീമുകളെ അപേക്ഷിച്ച് വളരെ വലുതാണ്. അതിനാൽ തന്നെ അവസാന ഓവറുകളിൽ ബാറ്റർമാരെ ചുരുട്ടി കെട്ടാൻ ഇന്ത്യ കൂടുതലായി ശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏകദിന ലോകകപ്പ് എന്ന സ്വപ്നം ഇന്ത്യയിൽ നിന്ന് അകന്നുപോകും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഇന്ത്യൻ മൈതാനങ്ങളിലെ ചെറിയ ബൗണ്ടറികളും ഇത്തരത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്.

Previous articleവിക്കറ്റ് രക്ഷിക്കാന്‍ ശ്രമിച്ച മുഷ്ഫിഖുർ റഹിം പുറത്ത്. വിചിത്രമായ പുറത്താകൽ കണ്ട് ചിരിച്ച് ക്രിക്കറ്റ്‌ ലോകം. വീഡിയോ.
Next article2023 ലോകകപ്പിൽ ആ ഇന്ത്യൻ താരം ടോപ് റൺ സ്കോറർ ആവും. പ്രവചനവുമായി ഡിവില്ലിയേഴ്സ്.