വിക്കറ്റ് രക്ഷിക്കാന്‍ ശ്രമിച്ച മുഷ്ഫിഖുർ റഹിം പുറത്ത്. വിചിത്രമായ പുറത്താകൽ കണ്ട് ചിരിച്ച് ക്രിക്കറ്റ്‌ ലോകം. വീഡിയോ.

ezgif 2 9f18994d10

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഒരു വിചിത്രമായ രീതിയിൽ പുറത്തായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനായി ക്രീസിലെത്തിയ റഹീം മത്സരത്തിന്റെ പതിനാറാം ഓവറിലാണ് അപ്രതീക്ഷിതമായ രീതിയിൽ പുറത്തായത്. ന്യൂസിലാൻഡ് പേസർ ഫെർഗ്യൂസൻ ആയിരുന്നു മത്സരത്തിന്റെ പതിനാറാം ഓവർ എറിഞ്ഞത്. ഓവറിലെ ആദ്യ പന്ത് വളരെ ക്ലാസിക് രീതിയിൽ പ്രതിരോധിക്കാനാണ് മുഷ്ഫിഖുർ റഹീം ശ്രമിച്ചത്. എന്നാൽ പൂർണ്ണമായും റഹീമിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയായിരുന്നു.

ഷോട്ട് ലെങ്തിൽ വന്ന ബോൾ ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു. അതിവിദഗ്ധമായി അത് പ്രതിരോധിക്കാൻ മുഷ്ഫിഖുർ ശ്രമിച്ചു. എന്നാൽ ബോൾ ബാറ്റിൽ കൊണ്ട ശേഷം സ്റ്റമ്പിലേക്ക് ചലിച്ചു. ഇത് കണ്ട മുഷ്ഫിഖുർ തന്റെ കാലുപയോഗിച്ച് ബോളിന്റെ ദിശ മാറ്റാനാണ് ശ്രമിച്ചത്. എന്നാൽ അതിന് സാധിച്ചില്ല എന്ന് മാത്രമല്ല, മുഷ്ഫിഖുറിന്റെ കാലും സ്റ്റമ്പിൽ കൊള്ളുകയുണ്ടായി. ഇങ്ങനെ ബെയിൽസ് താഴെ വീഴുകയും മുഷ്ഫിഖുർ റഹീം മത്സരത്തിൽ പുറത്താവുകയും ചെയ്തു. മത്സരത്തിൽ 25 പന്തുകൾ നേരിട്ട് മുഷ്ഫിഖുർ 18 റൺസ് ആയിരുന്നു സ്വന്തമാക്കിയത്. രണ്ട് സിക്സറുകൾ റഹീമിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

Read Also -  മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി. പരാജയം 24 റണ്‍സിന്

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. നായകൻ ഷാന്റോ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ഷാന്റോ മത്സരത്തിൽ 84 പന്തുകളിൽ 10 ബൗണ്ടറികളടക്കം 76 റൺസ് സ്വന്തമാക്കുകയുണ്ടായി. മറ്റു ബാറ്റർമാരൊന്നും ഷാന്റോയ്ക്ക് പിന്തുണ നൽകിയതുമില്ല. ഇങ്ങനെ ബംഗ്ലാദേശ് ഇന്നിംഗ്സ് കേവലം 171 റൺസിൽ അവസാനിക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ആദം മിൽനെ 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണർ ഫിൻ അലൻ 28 റൺസ് ആണ് നേടിയത്. ശേഷം മൂന്നാമനായി ക്രീസിലെത്തിയ ഫോക്സ്ക്രാഫ്റ്റ് ആദ്യ പന്തിൽ തന്നെ പുറത്തായി. ശേഷം മൂന്നാം വിക്കറ്റിൽ വിൽ യങ്ങും ഹെൻട്രി നിക്കോൾസും ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് ന്യൂസിലാൻഡിനായി സൃഷ്ടിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയത്തിന് അടുത്തേക്ക് ന്യൂസിലാൻഡ് കുതിക്കുകയാണ്.

Scroll to Top