സച്ചിൻ ടെണ്ടുൽക്കറാണോ വിരാട് കോഹ്ലിയാണോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന ചോദ്യം കുറച്ചധികം നാളുകളായി ഉയരുന്നുണ്ട്. ഇരുവരും ക്രിക്കറ്റിൽ ഇതിഹാസങ്ങളാണ് എന്നതിനാൽ തന്നെ പല മുൻ താരങ്ങളും ഇതിന് വ്യക്തമായി ഉത്തരം നൽകാറില്ല. ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിലെത്തി യുവതലമുറയ്ക്ക് പ്രചോദനമായി മാറിയിട്ടുള്ള താരങ്ങളാണ് സച്ചിനും കോഹ്ലിയും.
ലോക ക്രിക്കറ്റിലെ ആർക്കും തകർക്കാനാവാത്ത പല റെക്കോർഡുകളും ഇരുബാറ്റർമാരും തകർത്തിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിയാണോ സച്ചിൻ ടെണ്ടുൽക്കറാണോ ഏറ്റവും മികച്ച ബാറ്റർ എന്നതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. ഏകദിനങ്ങളിൽ സച്ചിനെക്കാൾ മികച്ച ബാറ്റർ എന്തുകൊണ്ടും വിരാട് കോഹ്ലിയാണ് എന്ന് ഖവാജ പറയുന്നു.
ഇരു ബാറ്റർമാരുടെയും റെക്കോർഡുകൾ കണക്കിലെടുത്താണ് ഉസ്മാൻ ഖവാജ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഇരുവരും വ്യത്യസ്ത കാലഘട്ടങ്ങളിൽ കളിച്ചിരുന്നവരായതിനാൽ തന്നെ മറ്റു മാനദണ്ഡങ്ങൾ ഖവാജ പരിശോധിക്കുന്നില്ല. ഫോക്സ് സ്പോർട്സുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഖവാജ ഇക്കാര്യം സംസാരിച്ചത്. “ഏകദിനങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറെക്കാൾ മികച്ച ബാറ്റർ വിരാട് കോഹ്ലിയാണ് എന്നാണ് എന്റെ അഭിപ്രായം. നമുക്ക് കണക്കുകൾ തന്നെ പരിശോധിക്കണം. സച്ചിൻ ടെണ്ടുൽക്കർ ഏകദിനത്തിൽ നേടിയിട്ടുള്ള സെഞ്ചുറി റെക്കോർഡ് വിരാട് കോഹ്ലി മറികടക്കാൻ പോവുകയാണ്. സച്ചിനെക്കാൾ വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്.”- ഖവാജ പറയുന്നു.
“ഞാൻ വളർന്നുവന്ന സമയത്ത് സച്ചിൻ ഒരുപാട് നാഴികക്കല്ലുകൾ തീർക്കുകയുണ്ടായി. ഇപ്പോൾ കോഹ്ലി ചെയ്യുന്നതും അതുതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും സാധിക്കാത്ത പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്.”- ഖവാജ കൂട്ടിച്ചേർത്തു. ഇതുവരെ 254 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 13,239 റൺസാണ് ഇന്ത്യൻ ടീമിന് വേണ്ടി നേടിയിട്ടുള്ളത്. 47 ഏകദിന സെഞ്ച്വറികൾ വിരാട് കോഹ്ലി തന്റെ പേരിൽ ചേർത്തിട്ടുണ്ട്. സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് കേവലം രണ്ട് ഏകദിന സെഞ്ചുറികൾ മാത്രമാണ് ആവശ്യമായുള്ളത്.
2017 മുതൽ 2021 വരെ ഇന്ത്യൻ ടീമിന്റെ എല്ലാ ഫോർമാറ്റിലെയും നായകനായിരുന്നു വിരാട് കോഹ്ലി. എന്നാൽ നായകനായുള്ള ഉത്തരവാദിത്വം കോഹ്ലിയുടെ ജോലിഭാരം വർദ്ധിപ്പിക്കും എന്നതിനാൽ കോഹ്ലി നായകസ്ഥാനം രാജിവെക്കുകയും പൂർണമായും ബാറ്റിംഗിലേക്ക് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മറുവശത്ത് സച്ചിൻ ടെണ്ടുൽക്കറും അപാര റെക്കോർഡുള്ള ഒരു താരം തന്നെയാണ്. ഏകദിന കരിയറിൽ 18426 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്. 49 ഏകദിന സെഞ്ചുറികളും 96 ഏകദിന അർദ്ധ സെഞ്ച്വറികളും സച്ചിന്റെ കരിയറിൽ ഉൾപ്പെട്ടിരുന്നു.