അവൻ ടീമിലുണ്ടായിരുന്നെങ്കിൽ പാകിസ്ഥാൻ 190 പോലും നേടില്ലായിരുന്നു. മുൻ പാക് താരത്തിന്റെ അഭിപ്രായം ഇങ്ങനെ.

ezgif 1 426f9d2e3f

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ പാകിസ്ഥാന്റെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ഒരുപാട് വിമർശനങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്. മുൻ പാകിസ്ഥാൻ താരങ്ങളടക്കം തങ്ങളുടെ ടീമിന്റെ മോശം അവസ്ഥയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു. മത്സരത്തിൽ വളരെ മികച്ച ഒരു തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു പാക്കിസ്ഥാന്. ഇന്ത്യൻ ബോളർമാർ കൃത്യമായ സമയത്ത് സ്ഥിരത പാലിച്ചതോടെ പാക്കിസ്ഥാൻ ബാറ്റിംഗ് നിര കൂപ്പുകുത്തി വീഴുകയായിരുന്നു. മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ പാക്കിസ്ഥാൻ 190 റൺസ് പോലും നേടില്ലായിരുന്നു എന്നാണ് മുൻ പാക് താരം റാഷിദ് ലത്തീഫ് പറയുന്നത്.

കുൽദീപിന്റെ പന്തുകൾ പോലും വളരെ ഭയത്തോടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം നേരിട്ടത് എന്ന് ലാത്തിഫ് പറയുന്നു. “കുൽദീപിനെതിരെ അല്പം ഭയത്തോടെയാണ് പാകിസ്ഥാൻ കളിച്ചത്. എങ്ങനെയെങ്കിലും കുൽദീപിന്റെ ഓവറുകളിൽ കളിക്കുക എന്നത് മാത്രമായിരുന്നു പാക്കിസ്ഥാന്റെ മുൻപിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാൻ നിരയിലെ ഒരു ബാറ്റർക്കു പോലും കുൽദീപിനെ കൃത്യമായി നേരിടാൻ സാധിച്ചില്ല. വരാനിരിക്കുന്ന മത്സരങ്ങളിൽ കുൽദീപിന് ഇന്ത്യ വിശ്രമം നൽകിയില്ലെങ്കിൽ ഈ ടൂർണമെന്റിലെ ടോപ്പ് വിക്കറ്റ് വേട്ടക്കാരനായി കുൽദീപ് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- റാഷിദ് ലത്തീഫ് പറഞ്ഞു.

Read Also -  "എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി"- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..

മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതിനെപ്പറ്റിയും ലത്തീഫ് സംസാരിക്കുകയുണ്ടായി. “അശ്വിനെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യക്കായി ഈ ലോകകപ്പിലെ എല്ലാ മത്സരത്തിലും അശ്വിൻ കളിക്കണമെന്നതാണ് എന്റെ അഭിപ്രായം. മാത്രമല്ല അശ്വിൻ ഇന്ത്യയുടെ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ പാക്കിസ്ഥാൻ 190 റൺസ് പോലും നേടുമെന്ന് ഞാൻ കരുതുന്നില്ല. അത്ര മികച്ച ബോളറാണ് അശ്വിൻ.”- ലത്തീഫ് കൂട്ടിച്ചേർത്തു.

പാക്കിസ്ഥാൻ ബാറ്റിങ് നിരയുടെ തകർച്ചയിൽ വലിയൊരു പങ്കുവഹിച്ചത് കുൽദീപ് യാദവ് ആയിരുന്നു. തന്റെ ഓരോവറിൽ തന്നെ പാകിസ്ഥാൻ മധ്യനിരയിലെ രണ്ടു ബാറ്റർമാരെ കൂടാരം കയറ്റി കുൽദീപ് പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചിരുന്നു. പിന്നീട് ഒരു കൂട്ട തകർച്ചയാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ ഏഷ്യകപ്പ് ടൂർണമെന്റിലടക്കം വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യക്കായി കുൽദീപ് കാഴ്ച വച്ചിരിക്കുന്നത്. സ്പിന്നിന് അനുകൂലമല്ലാത്ത പിച്ചുകളിൽ പോലും കൃത്യമായി പേസിൽ വേരിയേഷൻ നടത്തി വിക്കറ്റുകൾ സ്വന്തമാക്കാൻ കുൽദീപിന് സാധിക്കുന്നുണ്ട്. കുൽദീപിന്റെ മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ലോകകപ്പിൽ വലിയ പ്രതീക്ഷയും നൽകുന്നു.

Scroll to Top