വെറുതെ യോർക്കർ എറിഞ്ഞിട്ട് കാര്യമില്ല, ബുമ്രയെ കണ്ടുപഠിക്ക്. അഫ്രീദിയ്ക്ക് ഉപദേശവുമായി വഖാർ യൂനിസ്.

bumrah and shaheen

2023 ലോകകപ്പിൽ ഇതുവരെ നനഞ്ഞ പടക്കമായി മാറിയ പാക്കിസ്ഥാന്റെ പേസർ ഷാഹിൻഷാ അഫ്രീദിയ്ക്ക് ഉപദേശവുമായി മുൻ പാക് ഇതിഹാസം വഖാർ യൂനിസ്. ഷാഹിൻ അഫ്രീദി ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്രയെ കണ്ടുപഠിക്കണം എന്നാണ് യൂനിസ് പറയുന്നത്. അങ്ങനെയെങ്കിൽ മാത്രമേ 2023 ഏകദിന ലോകകപ്പിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ അഫ്രീദിക്ക് സാധിക്കൂ എന്ന് യുനിസ് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ തന്റെ പേസിലും ഫിറ്റ്നസിലുമൊക്കെ പ്രശ്നങ്ങൾ നേരിടുകയാണ് ഷാഹിൻ അഫ്രീദി. ഇതുവരെ ഈ ലോകകപ്പിൽ 3 മത്സരങ്ങൾ കളിച്ച അഫ്രീദിയ്ക്ക് കേവലം 4 വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. 139 റൺസ് അഫ്രീദി വഴങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപദേശവുമായി യൂനിസ് രംഗത്തെത്തിയത്.

ബോളിംഗിൽ അഫ്രീദിക്ക് കൃത്യത നഷ്ടപ്പെട്ടു എന്നാണ് യൂനിസ് പറയുന്നത്. “അഫ്രീദിയുടെ ഫിറ്റ്നസ്സിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെപ്പറ്റി എനിക്കറിയില്ല. എന്നിരുന്നാലും അയാളുടെ ബോളിങ്ങിലുള്ള കൃത്യത ഈ ലോകകപ്പിൽ നഷ്ടമായിരിക്കുന്നു. വിക്കറ്റുകൾ ലഭിക്കാനായി അഫ്രീദി അധികമായി പ്രയത്നിക്കുന്നു എന്നെനിക്ക് തോന്നുന്നു. ഒരേ കാര്യം നമ്മൾ വീണ്ടും വീണ്ടും ചെയ്യുമ്പോൾ അത് ഫലവത്താവാതെ വരും. ഷാഹിൻ അഫ്രീദി നിരന്തരം യോർക്കറുകൾ എറിയാനാണ് ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാറ്റര്‍ക്ക് അത് മുൻപ് തന്നെ അറിയാൻ സാധിക്കും. അവർ യോർക്കറിനെ നേരിടാനായി എപ്പോഴും തയ്യാറായിരിക്കും.”- യൂനിസ് പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇതിനൊപ്പം അഫ്രീദി ഇന്ത്യൻ പേസർ ബൂമ്രയെ മാതൃകയാക്കണം എന്നും യൂനിസ് പറയുകയുണ്ടായി. ഇതുവരെ ഈ ലോകകപ്പിൽ 3 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. 11.52 ശരാശരിയിലാണ് ബുമ്രയുടെ ഈ സുവർണ്ണ നേട്ടം. നിലവിൽ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളർമാരിൽ ഒരാളാണ് ബൂമ്ര. പാക്കിസ്ഥനെതിരായ മത്സരത്തിലെ ബൂമ്രയുടെ പ്രകടനം എടുത്തു കാട്ടിയാണ് യൂനിസ് സംസാരിച്ചത്.

“ബൂമ്രാ എല്ലായിപ്പോഴും എതിർ ടീമിന് സമ്മർദ്ദം നൽകാറുണ്ട്. അവൻ പന്ത് എറിയുന്നത് ഓഫ് സ്റ്റമ്പിന് മുകളിലുള്ള ലൈനിലാണ്. പാക്കിസ്ഥാനെതിരെയും വളരെ മികച്ച രീതിയിൽ പന്തറിയാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. അവൻ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുകയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.”- യൂനിസ് കൂട്ടിച്ചേർത്തു.

യുവതാരം നസീം ഷായുടെ അഭാവവും ലോകകപ്പിൽ അഫ്രീദിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് യൂനിസ് വിലയിരുത്തുന്നത്. “നസീം മികച്ച ഒരു ബോളറായിരുന്നു. ഒരുപാട് റൺസ് നസീം വിട്ടു കൊടുത്തിരുന്നില്ല. നസീം മത്സരത്തിന്റെ ഒരു വശത്ത് സമ്മർദ്ദം ഉയർത്തിയിരുന്നു. അതിനാൽ തന്നെ ബാറ്റർമാർ മറ്റു ബോളർമാരെ ആക്രമിക്കാൻ ശ്രമിക്കുകയും വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തിരുന്നു. പക്ഷേ ലോകകപ്പിൽ നസീമിന്റെ അഭാവം പാക്കിസ്ഥാനെ ബാധിക്കുന്നുണ്ട്.”- യൂനിസ് പറഞ്ഞുവെക്കുന്നു.

Scroll to Top