ഇന്ത്യ അവനെ എന്തുകൊണ്ട് നായകസ്ഥാനത്ത് പരിഗണിക്കുന്നില്ല? ഓൾറൗണ്ടറെ ചൂണ്ടിക്കാട്ടി സാബാ കരീം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ പരാജയത്തിനുശേഷം വലിയ പ്രതിസന്ധിയിൽ തന്നെയാണ് ഇന്ത്യ. ഈ സമയത്താണ് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടാൻ ഒരുങ്ങുന്നത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ബാറ്റർ അജിങ്ക്യ രഹാനെയാണ് വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉപനായകൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ മിന്നും പ്രകടനം കാഴ്ചവച്ച ശേഷമാണ് രഹാനെ തിരിച്ച് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. എന്നാൽ രഹാനെയെ ടെസ്റ്റ് പരമ്പരയിൽ ഉപനായകനാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ സാഭാ കരീം. രഹാനെയ്ക്ക് പകരം എന്തുകൊണ്ടാണ് ഇന്ത്യ രവീന്ദ്ര ജഡേജയെ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന് കരീം ചോദിക്കുന്നു.

“എന്തുകൊണ്ടാണ് രവീന്ദ്ര ജഡേജയെ ഉപനായക സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വരാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കൃത്യതയോടെ കളിക്കുന്ന ക്രിക്കറ്ററാണ് ജഡേജ. മാത്രമല്ല സമീപകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിലൊക്കെയും വലിയ പങ്കുതന്നെ ജഡേജ വഹിച്ചിട്ടുണ്ട്. ഒരു നായകൻ എന്ന നിലയ്ക്ക് ഇതേവരെ ജഡേജയെ പറ്റി ഇന്ത്യ സംസാരിച്ചിട്ടില്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പകരക്കാരനില്ലാത്ത ക്രിക്കറ്റർ തന്നെയാണ് ജഡേജ. അതുപോലെതന്നെ ടീമിനെ മികച്ച രീതിയിൽ നയിക്കാനും ജഡേജയ്ക്ക് സാധിച്ചേക്കും. ജഡേജ അല്ലാത്തപക്ഷം ഇന്ത്യയ്ക്ക് നായക ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധിക്കുന്ന ക്രിക്കറ്റർ ശുഭ്മാൻ ഗില്ലാണ്. ഇന്ത്യൻ ടീമിന്റെ ഭാവി മുന്നിൽ കണ്ട് ഗില്ലിനെ ക്യാപ്റ്റനാക്കാൻ സാധിക്കും. ഇത്തരം ഒരുപാട് വഴികൾ ഇന്ത്യയ്ക്ക് മുൻപിലുണ്ട്.”- കരീം പറഞ്ഞു.

jadeja pain relief issue

“വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ജയിസ്വാൾ, ഋതുരാജ് എന്നിവരെയൊക്കെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യ രഹാനെയെ ഉപനായകനാക്കിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിന്റെ പിന്നിലെ ലോജിക് എന്താണ്? ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം രഹാനെ ഇപ്പോഴാണ് തിരിച്ചെത്തിയത്. അയാൾ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നിരുന്നാലും ഏറ്റവും മികച്ച രീതിയിൽ കളിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നമ്മുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് പുതിയൊരു ടീം കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി യുവ ക്രിക്കറ്റർമാരെ ഉയർത്തിക്കൊണ്ടു വരണം. അങ്ങനെയുള്ളപ്പോൾ രഹാനെയെ ഉപനായകനാക്കിയത് എന്തിനാണ്’- കരീം കൂട്ടിച്ചേർക്കുന്നു.

“രഹാനെയോടുള്ള എല്ലാ ബഹുമാനവും ഞാൻ പുലർത്തുന്നു. നായകൻ എന്ന രീതിയിൽ അയാൾ മികച്ചതുമാണ്. പക്ഷേ നമ്മൾ യുവകളിക്കാരെ മുൻപിലേക്ക് കൊണ്ടുവരാൻ തയ്യാറാവണം. രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ഇത്തരത്തിൽ യുവതാരങ്ങളെ മുൻപിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.”- കരീം കൂട്ടിച്ചേർക്കുന്നു. ജൂലൈ 13 മുതലാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.