ഇന്ത്യയുടെ ലോകകപ്പ് കിരീടത്തിന് ഏറ്റവും വലിയ തിരിച്ചടിയാണ് സൂപ്പർ താരം ബുംറയുടെ പരിക്ക്. കഴിഞ്ഞ ലോകകപ്പിലും ഏഷ്യാകപ്പിലും മോശം പ്രകടനം പുറത്തെടുത്ത് ഫൈനൽ കാണാതെ പുറത്തായ ഇന്ത്യയ്ക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്ത് ലോക കിരീടം ഇന്ത്യയിൽ എത്തിച്ച് അഭിമാനം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരിക്കും ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ ടീം വിമാനം കയറുക.
എന്നാൽ ഇന്ത്യയുടെ പദ്ധതികൾക്കെല്ലാം വില്ലനായി മാറുന്നത് പരിക്കാണ്. ഇന്ത്യയുടെ വജ്രയുധമായ ബുംറ പരിക്കേറ്റ് ലോകകപ്പ് ടീമിൽ നിന്നും പുറത്താകുന്നതിനുമുമ്പ് സ്റ്റാർ ഓൾറൗഡർ രവീന്ദ്ര ജഡേജയും പരിക്കു മൂലം ടീമിൽ നിന്നും പുറത്തായിരുന്നു. സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ബൗളിംഗ് നിര കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ബുംറയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.
ബുംറ പരിക്കേറ്റ് പുറത്തായതോടെ പകരക്കാരൻ ആരാകണം എന്ന ചർച്ചയിലാണ് ഇന്ത്യൻ കായിക ലോകം. ഇപ്പോഴിതാ ബുംറയുടെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ സാബ കരീം. പലരും ദീപക് ചഹാറിനെ നിർദ്ദേശിക്കുമ്പോൾ സഭ കരീം നിർദ്ദേശിച്ചിരിക്കുന്നത് മുഹമ്മദ് ഷമിയെയാണ്. കോവിഡ് ആയതുമൂലം ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായ ഷമിക്ക് ദക്ഷിണാഫ്രിക്കെതിരായ പരമ്പരയും നഷ്ടമായിരിക്കുകയാണ്.
”ഞാൻ ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിക്കൊപ്പം പോകും. അവസരം ലഭിച്ചാൽ ഇന്ത്യക്കായി ഭംഗിയായി ജോലി ചെയ്യാൻ കഴിവുള്ള താരമാണ് ഷമി. അനുഭവസമ്പന്നനായ താരമാണ് ഷമി. ടോപ് ഓർഡറിന്റെ വിക്കറ്റ് നേടാൻ ഷമിയെപ്പോലൊരാളെ ഇന്ത്യക്ക് ആവിശ്യമാണ്. അവസാന ഐപിഎല്ലിലെ അവന്റെ പ്രകടനം നോക്കുക പവർപ്ലേയിൽ ഇന്ത്യക്ക് വിക്കറ്റ് നേടിത്തരാൻ അവന് സാധിക്കും.സമ്മർദ്ദമുള്ള സാഹചര്യത്തിൽ ഡെത്ത് ഓവർ എറിയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.തന്റെ കഴിവിൽ വിശ്വാസം അർപ്പിച്ച് പന്തെറിയാൻ സാധിക്കുന്ന താരങ്ങളെ ആവിശ്യമാണ്. എന്നാൽ ബുംറയുടെ അഭാവത്തിൽ മറ്റ് ബൗളർമാർ മികവിനൊത്ത് ഉയരേണ്ടതാണ്.അത് എളുപ്പമല്ലെങ്കിലും സാധ്യമാക്കേണ്ടതാണ്.”- സാബ കരീം പറഞ്ഞു.