അടുത്ത മാസം ഓസ്ട്രേലിയയിൽ വച്ചാണ് 20-20 ലോകകപ്പ് അരങ്ങേറുന്നത്.കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യ-ഓസ്ട്രേലിയ 20-20 പരമ്പര അവസാനിച്ചത്.പരമ്പരയിൽ 2-1ൻ്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പിനുള്ള ആദ്യ ഇലവനുള്ള ടീമിനെയും ഏകദേശം ഉറപ്പാക്കി.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്താണ് ആര് കളിക്കും എന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ സംശയവും ആശങ്കയും നിലനിൽക്കുന്നത്. ആശങ്കക്കും സംശയങ്ങൾക്കും മുഖ്യ കാരണം യുവ താരം റിഷബ് പന്തിൻ്റെ ഫോം ഔട്ട് ആണ്.നിലവിൽ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ വെറ്ററൻ താരം ദിനേഷ് കാർത്തിക് ആണ് വിക്കറ്റ് കീപ്പർ ആയി കളിക്കുന്നത്.
ഫിനിഷർ റോളിൽ നിലവിൽ ടീമിൽ കളിക്കുന്ന താരത്തിന് വളരെ കുറച്ച് പന്തുകൾ മാത്രമാണ് കളിക്കാൻ ലഭിക്കുന്നത്. എന്നാൽ ഇപ്പോളിതാ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിനു മുൻപായി മിഡിൽ ഓർഡറിൽ കൂടുതൽ പന്തുകൾ നേരിടാൻ ദിനേശ് കാർത്തികിന് അവസരം നൽകുമെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“ലോകകപ്പിനു മുൻപായി ദിനേശ് കാർത്തികിന് കൂടുതൽ അവസരങ്ങൾ നൽകുവാൻ ഞാൻ ശ്രദ്ധിക്കും. റിഷബ് പന്തിനും അവസരങ്ങൾ നൽകും.ഇരുവർക്കും വേണ്ട വിധത്തിൽ ബാറ്റ് ചെയ്യാനുളള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരെ ദിനേശ് കാർത്തികിന് വളരെ കുറച്ച് പന്തുകൾ മാത്രമാണ് ലഭിച്ചത്.”- രോഹിത് ശർമ പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ നടന്ന 3 20-20 മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും വെറും 7 പന്തുകൾ മാത്രമാണ് ദിനേശ് കാർത്തിക് നേരിട്ടത്.