ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ ഇന്ത്യൻ സീനിയർ താരങ്ങളുടെ ബാറ്റിംഗാണ് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം. രോഹിത് ശർമയും വിരാട് കോഹ്ലിയും ടൂർണമെന്റിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കൂ.
ഈ സാഹചര്യത്തിൽ രോഹിത് ശർമ തന്റെ മാനസിക സമീപനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്. ടെസ്റ്റ് മത്സരത്തിന് മുൻപായി രോഹിത് ശർമ മാനസികപരമായി തയ്യാറായിരിക്കണം എന്ന് സുനിൽ ഗവാസ്കർ പറയുന്നു. തന്റെ സമീപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ രോഹിത് തയ്യാറാവണം എന്നാണ് ഗവാസ്കറിന്റെ അഭിപ്രായം.
ടെസ്റ്റ് മത്സരങ്ങളിൽ ആക്രമണപരമായ സമീപനം രോഹിത് ശർമ ഉപേക്ഷിക്കണം എന്നാണ് ഗവാസ്കറുടെ പക്ഷം. “ടെസ്റ്റ് മത്സരത്തിന് അനുയോജ്യമായ രീതിയിൽ മാനസിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുക എന്നതാണ് രോഹിത് ശർമ നേരിടുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ വെല്ലുവിളി.
രോഹിത് ഏകദിന ഫോർമാറ്റിൽ നിരന്തരം കളിച്ചു കൊണ്ടിരിക്കുന്ന ബാറ്ററാണ്. അവിടെ അനായാസമായി ആക്രമണ സമീപനം കൈക്കൊള്ളാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഫീൽഡിങ് നിയന്ത്രണ സമയത്ത്, ആദ്യ 10 ഓവറുകളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കാനാണ് ഏകദിനത്തിൽ രോഹിത് ശ്രമിക്കാറുള്ളത്.”- ഗവാസ്കർ പറയുന്നു.
“എന്നാൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിനായി രോഹിത് തന്റെ സമീപനം പൂർണമായും മാറ്റേണ്ടതുണ്ട്. ഒരു ദിവസം പൂർണ്ണമായും ബാറ്റിംഗ് ചെയ്യുന്നതിനെപ്പറ്റി രോഹിത് ശർമ ചിന്തിക്കണം. ഒരു പൂർണ്ണ ദിവസം ബാറ്റ് ചെയ്യാൻ സാധിച്ചാൽ, രോഹിത്തിനെ പോലൊരു താരത്തിന്റെ ഷോട്ട് റേഞ്ച് വെച്ച്, 180- 190 റൺസ് ഒരു ദിവസം സ്വന്തമാക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ ഇന്ത്യയുടെ സ്കോർ 300 റൺസിലധികം ഉയരുകയും ചെയ്യും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. ഒപ്പം ഇന്ത്യൻ ടീമിന്റെ പരമ്പരയിലെ പരിചയ സമ്പന്നതയെ പറ്റിയും ഗവാസ്കർ പറയുകയുണ്ടായി.
“ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ പരിചയസമ്പന്നത ഉള്ളതാണ്. മാത്രമല്ല വിവിധ സാഹചര്യങ്ങളിൽ കളിച്ച ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ എത്തുന്നത്. അതിനാൽ തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലുമായി ഒരുപാട് റൺസ് ഇന്ത്യൻ ബാറ്റിംഗ് നിരക്ക് സ്വന്തമാക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. അവർക്ക് മികച്ച കഴിവുള്ള കളിക്കാറുണ്ട് എന്നതുകൊണ്ട് മാത്രമല്ല ഞാൻ പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ ബോളിംഗ് അറ്റാക്ക് അത്ര മികച്ചതാണ് എന്ന അഭിപ്രായവും എനിക്കില്ല.”- ഗവാസ്കർ പറഞ്ഞു വയ്ക്കുന്നു