“കോഹ്ലി ലോകക്രിക്കറ്റിലെ മികച്ചവൻ. എതിരെ പന്തറിയുന്നത് വെല്ലുവിളി”. റബാഡ പറയുന്നു.

ezgif 2 d957dd37c9

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ പേസർ റബാഡ. വിരാട് കോഹ്ലി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണെന്നും അങ്ങനെയുള്ള കോഹ്ലിയ്ക്കെതിരെ പന്തറിയാൻ സാധിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റബാഡ പറഞ്ഞു.

കളിക്കളത്തിൽ പലതരം കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള താരമാണ് വിരാട് കോഹ്ലി എന്ന് റബാഡ അറിയിക്കുകയുണ്ടായി. നിലവിൽ ദക്ഷിണാഫ്രിക്കൻ പിച്ചിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ബാറ്ററാണ് വിരാട് കോഹ്ലി. ഈ സാഹചര്യത്തിലാണ് റബാഡയുടെ പ്രശംസാ വാക്കുകൾ.

“ലോകക്രിക്കറ്റിലെ മികച്ച താരങ്ങൾക്കെതിരെ കളിക്കാൻ സാധിക്കുന്നത് വലിയൊരു അനുഭൂതി തന്നെയാണ്. വിരാട് കോഹ്ലി വളരെ മികച്ച താരം തന്നെയാണ്. ഞങ്ങൾക്കെതിരെ സമീപകാലത്തടക്കം വലിയ രീതിയിൽ വിജയം സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.

അതേപോലെ തന്നെ വിരാട് കോഹ്ലിയ്ക്കെതിരെ ഞങ്ങളും വിജയം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും കോഹ്ലിയ്ക്കെതിരായ മത്സരം ഞാൻ ഒരുപാട് പ്രതീക്ഷ വയ്ക്കുന്നതാണ്. മികച്ചതിനെതിരെ കളിക്കുമ്പോൾ മത്സരം കടുക്കും. അതുതന്നെയാണ് നിങ്ങൾ കളിക്കാനുള്ള പ്രധാന കാരണവും.”-റബാഡ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ സ്പിന്നർ കേശവ് മഹാരാജും കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനങ്ങളെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. മത്സരത്തിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന താരമാണ് കോഹ്ലി എന്ന് മഹാരാജ് പറഞ്ഞു. 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും 50 റൺസിലധികം ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി എന്നും മഹാരാജ് കൂട്ടിച്ചേർക്കുകയുണ്ടായി. “ടെസ്റ്റ് ക്രിക്കറ്റ് എന്താണ് എന്ന് പൂർണ ബോധ്യം വിരാട് കോഹ്ലിയ്ക്കുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും വളരെ മികച്ച രീതിയിൽ ടെസ്റ്റിൽ റൺസ് സ്വന്തമാക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. പല നിർണായക മത്സരങ്ങളിലും സെഞ്ചറികൾ സ്വന്തമാക്കുന്നതിലും കോഹ്ലി മുൻപിൽ തന്നെയായിരുന്നു.”- കേശവ് മഹാരാജ് പറയുന്നു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

“കോഹ്ലിയെപ്പോലൊരു താരത്തിനെതിരെ കളിക്കാൻ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. അത് നമുക്ക് സ്വയം ആത്മവിശ്വാസവും നൽകുന്നു. 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോഴും 50 റൺസ് ശരാശരിയിൽ തുടരുക എന്നത് അവിശ്വസനീയ കാര്യം തന്നെയാണ്.”- മഹാരാജ് കൂട്ടിച്ചേർത്തു. ഇതുവരെ കോഹ്ലി 111 ടെസ്റ്റ് മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 8676 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. 49.3 എന്ന ഉയർന്ന ശരാശരിയാണ് കോഹ്‌ലിക്കുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ 29 സെഞ്ചുറികൾ ഈ സൂപ്പർ ബാറ്റർ സ്വന്തമാക്കിയിട്ടുണ്ട്.

Scroll to Top