ഇന്നലെയായിരുന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. സിംബാബുവേയെ 71 റൺസിന് തോൽപ്പിച്ച ഇന്ത്യ 5 മത്സരങ്ങളിൽ നിന്ന് നാല് വിജയത്തോടെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തികിന് പകരം പന്തിന് അവസരം ലഭിച്ചിരുന്നു. ആദ്യമായാണ് ഈ ലോകകപ്പിൽ പന്ത് ഇന്നലെ കളിക്കാൻ ഇറങ്ങിയത്.
തീർത്തും അപ്രതീക്ഷിതമായ ഒരു മാറ്റം ആയിരുന്നു ഇത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാർത്തികിന് പകരം പന്തിനെ ഉൾപ്പെടുത്തിയത് എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഈ ലോകകപ്പിൽ ടീമിൽ ഒരു അവസരം പോലും ലഭിക്കാത്ത ഒരേയൊരു താരം പന്ത് ആണെന്നും അതുകൊണ്ടാണ് അവൻ ടീമിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഇന്ത്യൻ നായകൻ പറഞ്ഞത്.
“ഈ ലോകകപ്പില്‍ ഞങ്ങളുടെ സംഘത്തില്‍ ഇതുവരെ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ റിഷഭാണ്. അവനു ഒരു ഗെയിം നല്‍കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.”- രോഹിത് ശർമ പറഞ്ഞു. അതേസമയം ലഭിച്ച അവസരം മുതലാക്കാൻ താരത്തിന് സാധിച്ചില്ല. 5 പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് മാത്രമാണ് താരം നേടിയത്. ഇതോടെ ടീം മാനേജ്മെന്റിനെ ആകർഷിക്കാനുള്ള മികച്ച അവസരം താരം പാഴാക്കിക്കളഞ്ഞു. ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡ് ഉള്ള താരത്തിനെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ആരാധകർ കണ്ടിരുന്നത്.
അനാവശ്യമായ വമ്പൻ ഷോട്ടിന് മുതിർന്നാണ് താരം ഇന്നലെ വിക്കറ്റ് വലിച്ചെറിഞ്ഞത്. സീൻ വില്യംസിന്റെ ബൗളിങ്ങിൽ തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ റയാൻ ബേളാണ് പന്തിനെ മടക്കി അയച്ചത്. ഇതോടെ സെമിഫൈനലിൽ താരത്തിന് ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. പകരം ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തിയേക്കും. വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ മത്സരത്തെ നോക്കിക്കാണുന്നത്.