നിലവിൽ ലോകക്രിക്കറ്റിലെ സിക്സർ വീരനാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യക്കായി ഓപ്പണങിറങ്ങുന്ന രോഹിത് ശർമ പവർപ്ലേ ഓവറുകളിൽ തന്നെ സിക്സറുകൾ നേടുന്നതാണ് കഴിഞ്ഞ കുറച്ചധികം ഏകദിന മത്സരങ്ങളിലായി കാണുന്നത്. 2023 ഏകദിന ലോകകപ്പിലും രോഹിത്തിന്റെ സിക്സറുകൾ ശ്രദ്ധ നേടിയിരുന്നു. ആദ്യ 10 ഓവറുകളിൽ തന്നെ എതിർടീമിനെ സമ്മർദ്ദത്തിലാക്കാനായി പുൾ ഷോട്ടും മറ്റും കളിച്ച് രോഹിത് സിക്സറുകൾ നേടാറുണ്ട്.
എന്നാൽ വളരെ അത്ഭുതകരമായ മറ്റൊരു സിക്സർ റെക്കോർഡാണ് ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലൂടെ രോഹിത് കൈവരിച്ചിരിക്കുന്നത്. 2023ൽ ഏകദിനങ്ങളിൽ, ആദ്യ 10 ഓവറുകളിൽ ഏറ്റവുമധികം സിക്സറുകൾ നേടിയിട്ടുള്ള താരമായി രോഹിത് ശർമ്മ മാറുകയുണ്ടായി. 2023ൽ ഏകദിനങ്ങളിൽ മറ്റ് രാജ്യങ്ങൾ നേടിയിട്ടുള്ള സിക്സറുകളെക്കാൾ കൂടുതൽ രോഹിത് ശർമ ഒറ്റയ്ക്ക് ആദ്യ 10 ഓവറുകളിൽ നേടിയിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
ഇതുവരെ 2023ൽ ഏകദിനങ്ങളിൽ 486 പന്തുകൾ രോഹിത് ശർമ പവർപ്ലേ ഓവറുകളിൽ നേരിട്ടിട്ടുണ്ട്. ഇതിൽ നിന്ന് 32 സിക്സറുകളാണ് ഹിറ്റ്മാൻ നേടിയത്. പവർപ്ലേ ഓവറുകളിൽ മറ്റു ടീമുകൾ നേടിയ സിക്സറുകൾ പരിശോധിക്കാം. ഓസ്ട്രേലിയൻ ടീം 2023ൽ 845 പന്തുകൾ പവർപ്ലെയിൽ നേരിട്ടിട്ടുണ്ട്. ഇതിൽ നിന്ന് മുഴുവൻ ടീമും നേടിയത് കേവലം 30 സിക്സറുകൾ മാത്രമാണ്.
904 പന്തുകൾ പവർപ്ലെയിൽ നേരിട്ടിട്ടുള്ള സൗത്ത് ആഫ്രിക്കൻ ടീം നേടിയത് 19 സിക്സറുകൾ. 152 പന്തുകൾ 2023ൽ ഏകദിനങ്ങളിൽ പവർപ്ലേ ഓവറുകളിൽ നേരിട്ടിട്ടുള്ള ശ്രീലങ്ക നേടിയത് 14 സിക്സറുകളാണ്. എന്നാൽ ഇന്ത്യക്കായി രോഹിത് ശർമ ഒറ്റയ്ക്ക് നേടിയത് 32 സിക്സറുകൾ.
ക്രീസിൽ എത്രമാത്രം അപകടകാരിയാണ് രോഹിത് ശർമ എന്ന് വിളിച്ചോതുന്ന റെക്കോർഡുകളാണ് ഇത്. പവർപ്ലേ ഓവറുകളിൽ രോഹിത്തിനെ പുറത്താക്കിയില്ലെങ്കിൽ എതിർ ടീമിന് അത് വലിയ നഷ്ടമുണ്ടാക്കും എന്നതിന്റെ സൂചന കൂടിയാണ് ഈ കണക്കുകൾ പറയുന്നത്. ഈ ലിസ്റ്റിൽ മറ്റൊരു അത്ഭുതകരമായ കാര്യം പാക്കിസ്ഥാൻ ടീമിന്റെ നിലയാണ്.
ഇതുവരെ 2023ൽ ഏകദിനങ്ങളിൽ 1082 പന്തുകൾ പവർപ്ലേ ഓവറുകളിൽ പാക്കിസ്ഥാൻ നേരിട്ടിട്ടുണ്ട്. എന്നാൽ ഒരു സിക്സർ പോലും ആദ്യ 10 ഓവറുകളിൽ നേടാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. എത്രമാത്രം പ്രതിരോധാത്മകമായ സമീപനമാണ് പാക്കിസ്ഥാൻ ഏകദിനങ്ങളിൽ കാഴ്ചവയ്ക്കുന്നത് എന്നതിന് ഉദാഹരണമാണിത്.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിലേക്ക് വന്നാലും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് രോഹിത് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ 257 എന്ന വിജയലക്ഷം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്കായി പവർപ്ലേ ഓവറുകളിൽ അടിച്ചു തകർക്കാൻ രോഹിത്തിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകളിൽ 48 റൺസാണ് രോഹിത് ശർമ നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ഇന്ത്യയെ ഒരു ശക്തമായ നിലയിലെത്തിച്ച ശേഷമായിരുന്നു രോഹിത് ശർമ കൂടാരം കയറിയത്.