ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പുതിയ നിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇനി വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു മത്സരങ്ങളായി നടത്തേണ്ടതുണ്ട് എന്നാണ് രോഹിത് ശർമയുടെ അഭിപ്രായം. ടൂർണമെന്റിന്റെ രണ്ടാം സീസണിലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ വലിയ പരാജയം നേടിയതിനുശേഷമാണ് രോഹിത് തന്റെ ആവശ്യം ഉന്നയിച്ചത്. വളരെ കഠിനപ്രയത്നം നടത്തിയാണ് തങ്ങൾ ടൂർണമെന്റിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്തിയതെന്നും, മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഫൈനൽ അടുത്ത സീസണിലെങ്കിലും ഉണ്ടാവുമെങ്കിൽ നന്നായിരുന്നുവെന്നും രോഹിത് പറഞ്ഞു.
മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. “ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൂന്നു മത്സരങ്ങളായി നടത്തിയാൽ കൊള്ളാമെന്നുണ്ട്. ഇന്ത്യ ഇത്തവണ വളരെ പൊരുതി തന്നെയാണ് ഫൈനലിൽ എത്തിയത്. എന്നാൽ ഫൈനലായി ഒരു മത്സരം മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ. ഇനി വരുന്ന ചാമ്പ്യൻഷിപ്പ് മുതൽ മൂന്നു മത്സരങ്ങളുള്ള പരമ്പര ഫൈനലായി പ്രഖ്യാപിക്കുകയാണെങ്കിൽ നന്നായിരുന്നു.”- രോഹിത് ശർമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതോടൊപ്പം തുടർച്ചയായി ഫൈനലുകൾ ഇംഗ്ലണ്ടിൽ വയ്ക്കുന്നതിനെതിരെയും രോഹിത് തന്റെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഇംഗ്ലണ്ടിൽ അല്ലാതെ മറ്റേത് രാജ്യത്ത് വെച്ച് വേണമെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടത്താനാവുമെന്നാണ് രോഹിത് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒപ്പം മത്സരത്തിലെ ഗില്‍ പുറത്തായ ക്യാച്ചിനെ പറ്റിയും രോഹിത് സംസാരിച്ചു. ആ ക്യാച്ചിൽ അമ്പയർ തീരുമാനം എടുക്കുന്നതിന് മുമ്പ് കുറച്ചധികം ആംഗിളുകൾ കൂടി പരിശോധിക്കേണ്ടിയിരുന്നു എന്നാണ് രോഹിത്തിന്റെ അഭിപ്രായം.
ഇതിനൊപ്പം ജൂൺ മാസത്തിൽ തന്നെ തുടർച്ചയായി ഫൈനലുകൾ നടത്തുന്നതിനെതിരെയും രോഹിത് സംസാരിച്ചു. മറ്റേതെങ്കിലും മാസത്തേക്ക് ഫൈനൽ മാറ്റാനുള്ള തയ്യാറെടുപ്പുകളും നടത്തണമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 209 റൺസിന്റെ കൂറ്റൻ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ഓസ്ട്രേലിയ മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയപ്പോൾ ഇന്ത്യയുടെ ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഫൈനലിൽ നഷ്ടമാകുന്നത്.