അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ യഥാർത്ഥ താരമായി മാറിയത് ശിവം ദുബെയായിരുന്നു. ഇന്ത്യക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ ഈ 30കാരന് സാധിച്ചു. മുൻപ് ഇന്ത്യൻ ടീമിൽ വന്നിട്ടുണ്ടെങ്കിലും ഇത്ര മികച്ച പ്രകടനങ്ങൾ ദുബെയിൽ നിന്ന് ഉണ്ടായിട്ടില്ല. തന്റെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് വലിയ പങ്കുണ്ട് എന്നും ശിവം ദുബെ പറയുകയുണ്ടായി.
ഇപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമയിൽ നിന്ന് മത്സരശേഷം തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ശിവം ദുബെ. മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ രോഹിത് ശർമ വലിയ രീതിയിൽ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട് എന്ന് ദുബെ പറയുന്നു.
മത്സരത്തിലൂടനീളം തന്റേതായ രീതിയിൽ കളിക്കാൻ തന്നെയാണ് താൻ ശ്രമിച്ചിട്ടുള്ളത് എന്ന് ദുബെ പറയുന്നു. മൊഹാലിയിലെ സാഹചര്യങ്ങളിൽ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ദുബെ കൂട്ടിച്ചേർത്തു.
“ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത്. അതിനാൽ തന്നെ എനിക്ക് കുറച്ച് സമ്മർദ്ദം ഉണ്ടായിരുന്നു. എന്നിരുന്നാലും എന്റേതായ രീതിയിൽ തന്നെ എന്റെ ഗെയിം കളിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. അക്കാര്യത്തിൽ എനിക്ക് വ്യക്തത വരുത്താൻ സാധിച്ചു. മത്സരത്തിൽ നേരിട്ട് ആദ്യ 2-3 ബോളുകളിൽ മാത്രമാണ് എനിക്ക് സമ്മർദ്ദമുണ്ടായത്. അതിന് ശേഷം എന്റെ അടുത്തേക്ക് വരുന്ന ബോളുകളെ പറ്റി മാത്രമാണ് ഞാൻ ചിന്തിച്ചത്. മറ്റൊരു ചിന്തയും എനിക്ക് വന്നിരുന്നില്ല.”- ദുബെ പറഞ്ഞു.
മത്സരശേഷം രോഹിത് ശർമ തന്നെ പ്രശംസിച്ചു സംസാരിച്ചു എന്ന് ദുബെ പറയുകയുണ്ടായി. വരും മത്സരങ്ങളിലും ഇതിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തനിക്ക് സാധിക്കുമെന്ന് രോഹിത് പറഞ്ഞതായി ദുബെ ചൂണ്ടിക്കാട്ടി.
“മത്സരത്തിൽ ഞാൻ നന്നായി കളിച്ചു എന്ന് രോഹിത് ശർമ പറയുകയുണ്ടായി. വരും മത്സരങ്ങളിലും ഇത്തരം പുരോഗതികൾ ഉണ്ടാകുന്നതിനെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. ഇന്ന് എനിക്ക് മത്സരത്തിൽ ബോൾ ചെയ്യാനുള്ള വലിയ അവസരവും ലഭിച്ചു. അവിടെയും എനിക്ക് വിജയിക്കാൻ സാധിച്ചു.”- ദുബെ കൂട്ടിച്ചേർക്കുന്നു.
189 എന്ന താരതമ്യേന ശക്തമായ വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഒരുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോൾ മറുവശത്ത് ശിവം ദുബെ ക്രീസിൽ ഉറയ്ക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ദുബെയുടെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ 6 വിക്കറ്റുകൾക്കാണ് മത്സരത്തിൽ ഇന്ത്യ വിജയം കണ്ടത്. 15 പന്തുകൾ ബാക്കിനിൽക്കവെയായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. ജനുവരി 14ന് ഇൻഡോറിലാണ് അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്.