ഫിനിഷിങ് പാഠങ്ങൾ പഠിച്ചത് മഹി ഭായിയിൽ നിന്ന്. എനിക്ക് പ്രചോദനം അദ്ദേഹം. ശിവം ദുബേയുടെ വാക്കുകൾ.

4f5b7ac1 532b 49b1 a09d d9316db4d814 e1705035982150

അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഓൾറൗണ്ടർ ശിവം ദുബെയായിരുന്നു. മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങാൻ ദുബേയ്ക്ക് സാധിച്ചു. രണ്ടോവറുകൾ പന്തറിഞ്ഞ ദുബെ മത്സരത്തിൽ 9 റൺസ് മാത്രം വിട്ടു നൽകി ഒരു വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി.

ബാറ്റിംഗിൽ 40 പന്തുകളിൽ 60 റൺസാണ് ഈ സൂപർതാരം നേടിയത്. 5 ബൗണ്ടറികളും 2 സിക്സറുകളും ദുബെയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. തന്റെ ഈ മികച്ച പ്രകടനത്തിന് പ്രചോദനമായത് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് എന്ന് ദുബെ പറയുകയുണ്ടായി. ഒരു ഫിനിഷർ റോളിൽ കളിക്കാൻ തനിക്ക് ഒരുപാട് സഹായങ്ങൾ ധോണി ചെയ്തിട്ടുണ്ട് എന്ന് ദുബെ പറയുന്നു.

എല്ലായിപ്പോഴും നന്നായി മത്സരം ഫിനിഷ് ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്നും ദുബെ പറഞ്ഞു. “ഇത്ര മികച്ച ഒരു അവസരം ലഭിച്ചതിൽ വലിയ സന്തോഷം തന്നെ എനിക്ക് തോന്നുന്നു. ഇത്തരം അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ഞാൻ എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്. ഞാൻ ബാറ്റ് ചെയ്യാൻ വന്ന സമയത്ത് തന്നെ എനിക്ക് മത്സരം ഫിനിഷ് ചെയ്യണം എന്ന് ഉണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് ഞാൻ അത്തരം കാര്യങ്ങൾ പലപ്പോഴായി പഠിച്ചിട്ടുണ്ട്. മത്സരം മികച്ച രീതിയിൽ തന്നെ ഫിനിഷ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു.”- ശിവം ദുബെ പറയുന്നു.

See also  അതെന്‍റെ തെറ്റായിരുന്നു. പരസ്യമായി പറഞ്ഞ് രവീന്ദ്ര ജഡേജ.

ധോണിയെ താൻ നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നും അത് തനിക്ക് ഒരുപാട് സഹായകരമായി മാറി എന്നും ദുബെ കൂട്ടിച്ചേർത്തു. “ഞാൻ എല്ലായിപ്പോഴും മഹി ഭായിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹം ഒരു വലിയ ഇതിഹാസം തന്നെയാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും എനിക്ക് അതിന് സാധിച്ചിട്ടുണ്ട്.

എന്റെ ഗെയിമിനെ പറ്റി കുറച്ചധികം കാര്യങ്ങൾ മഹി ഭായ് എന്നോട് സംസാരിച്ചു കഴിഞ്ഞു. അദ്ദേഹം എല്ലായിപ്പോഴും എന്നെ റേറ്റ് ചെയ്യാറുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു താരം എനിക്ക് ഒരു റേറ്റ് നൽകുമ്പോൾ അത് നന്നായി കളിക്കാൻ ഒരു വലിയ പ്രചോദനം കൂടിയാണ്.”- ദുബെ കൂട്ടിച്ചേർത്തു.

തന്റെ ബോളിങ്ങിൽ താൻ നടത്തിയ കഠിനപ്രയത്നത്തെ പറ്റിയും ദുബെ സംസാരിക്കുകയുണ്ടായി. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നായകൻ സദ്രാന്റെ വിക്കറ്റ് സ്വന്തമാക്കാൻ ദുബെയ്ക്ക് സാധിച്ചിരുന്നു. തന്റെ ഇത്തരം ബോളിംഗ് കഴിവുകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ഒരുപാട് കഠിനപ്രയത്നത്തിന്റെ ഭാഗമാണെന്നും ദുബെ പറഞ്ഞു വയ്ക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചത്. ജനുവരി 14നാണ് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരം നടക്കുന്നത്.

Scroll to Top