ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ രീതിയിൽ പരിഹാസവുമായി പാക്കിസ്ഥാൻ മുൻ താരം സൽമാൻ ബട്ട്. നിലവിൽ രോഹിത് ശർമ ഒരു ധൈര്യശാലിയായ നായകനല്ലെന്നും, സമ്മർദ്ദ സാഹചര്യങ്ങളിൽ പലപ്പോഴും രോഹിതിന് മുട്ടിടിക്കാറുണ്ടെന്നുമാണ് സൽമാൻ ബട്ട് പറഞ്ഞത്. പലപ്പോഴും നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദങ്ങളെ മറികടക്കാൻ രോഹിത്തിന് സാധിക്കുന്നില്ല എന്നാണ് സൽമാൻ ബട്ടിന്റെ അഭിപ്രായം. രോഹിത് ഇന്ത്യയെ സംബന്ധിച്ച് സൂപ്പർ താരമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് സൽമാൻ ബട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സൽമാൻ ബട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമ ഒരു സൂപ്പർ താരമാണ്. അക്കാര്യം ഞാൻ അംഗീകരിക്കുന്നു. ഒരുപാട് കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രോഹിത്. പക്ഷേ ഇപ്പോഴും സമ്മർദ്ദ സാഹചര്യങ്ങളിൽ രോഹിത് പ്രയാസപ്പെടുന്നത് കാണാൻ സാധിക്കും. പല നോക്ക്ഔട്ട് മത്സരങ്ങളിലും നമ്മൾ ഇത് കണ്ടു. അത്തരം മത്സരങ്ങളിൽ രോഹിത് ശർമ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.”- സൽമാൻ ബട്ട് പറയുന്നു.
ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സൽമാൻ ബട്ടിന്റെ ഈ അഭിപ്രായം വലിയ ചർച്ചയായിട്ടുണ്ട്. ഇന്ത്യയെക്കാൾ മികച്ച ബോളിംഗ് നിര പാക്കിസ്ഥാനുണ്ടന്നും സൽമാൻ ഇതിനോടൊപ്പം പറയുകയുണ്ടായി.
എന്നാൽ ഇന്ത്യ ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും ഏറെക്കുറെ സജ്ജമാണ് എന്നാണ് സൽമാൻ ബട്ട് പറയുന്നത്. ഏതൊക്കെ താരങ്ങളെ ടീമിൽ കളിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് ഇപ്പോഴേ ധാരണയുണ്ടെന്നും സൽമാൻ അഭിപ്രായപ്പെട്ടു. “ഇന്ത്യ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ അവർ മത്സരഫലത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ല.
ഇന്ത്യൻ ടീമിലെ താരങ്ങളൊക്കെയും ജന്മനാ ക്രിക്കറ്റിൽ പ്രതിഭ ഉള്ളവരാണ്. ബാക്കപ്പായി കുറച്ചധികം താരങ്ങളെ വളർത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യ ഇപ്പോൾ തന്നെ തിരഞ്ഞെടുത്തിട്ടുണ്ടാവും. അതുകൊണ്ട് മാത്രമാണ് അവർ പരീക്ഷണങ്ങൾ തുടരുന്നത്. വ്യത്യസ്തമായ കോമ്പിനേഷനുകൾ കണ്ടുപിടിക്കാനും ബാറ്റിംഗ് ഓർഡറിൽ സ്ഥിരത കണ്ടെത്താനും അവസാനഘട്ട മിനുക്കു പണിയിലാണ് ഇന്ത്യ.”- ബട്ട് കൂട്ടിച്ചേർക്കുന്നു.
ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരായി തുടർച്ചയായി മത്സരങ്ങൾ വരികയാണ്. ഈ സമയത്താണ് ബട്ട് പാക്കിസ്ഥാൻ ബോളിംഗാണ് മെച്ചമെന്ന് പറഞ്ഞിരിക്കുന്നത്. 2021ലെ ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യയെ പിന്നിലേക്കടിച്ചതും ഇക്കാര്യം തന്നെയാണ്. അതിനാൽ തന്നെ പാകിസ്ഥാൻ ബോളിങ്ങിനെ ഏതു വിധേനയും നേരിടാൻ തയ്യാറായാവും ഇന്ത്യ മൈതാനത്ത് ഇറങ്ങുക.