വീണ്ടും ഹിറ്റ്മാൻ “ഡക്ക്മാനാ”യി. നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് രോഹിത്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ മോശം പ്രകടനം ആവർത്തിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും പൂജ്യനായി തന്നെയായിരുന്നു രോഹിത് പുറത്തായത്. മുംബൈ ഇന്ത്യൻസ് ആരാധകർക്കടക്കം വലിയ രീതിയിൽ നിരാശയുണ്ടാക്കിയ ഇന്നിങ്സാണ് പഞ്ചാബിനെതിരെ രോഹിത് കളിച്ചത്. മത്സരത്തിൽ ഋഷി ധവാന്റെ പന്തിലാണ് രോഹിത് പുറത്തായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രോഹിതിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് പതിനഞ്ചാം തവണയാണ് രോഹിത് ശർമ പൂജ്യനായി പുറത്താകുന്നത്. ഇതോടെ നാണക്കേടിന്റെ ഡക്ക് റെക്കോർഡ് വീണ്ടും രോഹിത് പേരിൽ ചേർത്തിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മത്സരങ്ങളിൽ ഡക്കായി പുറത്തായിരിക്കുന്ന ബാറ്റർ എന്ന റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രോഹിത്.

സുനിൽ നരേയ്ൻ, മന്ദീപ് സിംഗ്, ദിനേശ് കാർത്തിക്ക് എന്നിവർക്കൊപ്പമാണ് രോഹിത് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഈ നാലുപേരും ഇതുവരെ ഐപിഎല്ലിൽ 15 തവണ പൂജ്യരായി പുറത്തായിട്ടുണ്ട്. സുനിൽ നരേൻ 157 മത്സരങ്ങളിൽ നിന്നാണ് 15 തവണ പൂജ്യനായി പുറത്തായിരിക്കുന്നത്. മന്ദീപ് 113 മത്സരങ്ങളിൽ നിന്ന് 15 തവണ പൂജ്യനായി പുറത്തായിരിക്കുന്നു. രോഹിത് ശർമ 236 മത്സരങ്ങളിൽ നിന്നും, ദിനേശ് കാർത്തിക്ക് 238 മത്സരങ്ങളിൽ നിന്നും 15 തവണ പൂജ്യനായി കൂടാരം കയറിയിട്ടുണ്ട്. 198 മത്സരങ്ങൾ കളിച്ച് 14 തവണ പൂജ്യനായി കൂടാരം കയറിയിട്ടുള്ള അമ്പട്ടി റായുഡുവാണ് ലിസ്റ്റിലെ അഞ്ചാമൻ. എന്തായാലും രോഹിത് ശർമയെ സംബന്ധിച്ച് നാണക്കേടിന്റെ റെക്കോർഡ് തന്നെയാണ് ഇത്.

ഈ സീസണിൽ ഇതുവരെ വളരെ മോശം പ്രകടനങ്ങൾ തന്നെയാണ് രോഹിത് ശർമ ആവർത്തിച്ചിട്ടുള്ളത്. 9 മത്സരങ്ങളിൽ നിന്ന് കേവലം 184 റൺസാണ് രോഹിത്തിന്റെ 2023 ഐപിഎല്ലിലെ സമ്പാദ്യം. 20.4 ശരാശരിയിലാണ് രോഹിത് ഇതുവരെ കളിച്ചിട്ടുള്ളത്. രോഹിത് ശർമയുടെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ദേശീയ ടീമിനും ഒരുപാട് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്.

മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലേക്ക് കടന്നുവന്നാൽ ഒരു വമ്പൻ വെടിക്കെട്ട് തന്നെയായിരുന്നു കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലിവിങ്സ്റ്റന്റെയും ജിതേഷ് ശർമയുടെയും ബലത്തിൽ 214 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. ശേഷം മുംബൈ അത് അവിസ്മരണീയമായ രീതിയിൽ ചെയ്സ് ചെയ്യുകയായിരുന്നു. സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷന്റെയും തകർപ്പൻ വെടിക്കെട്ട് ബാറ്റിംഗുകളാണ് മത്സരത്തിൽ മുംബൈയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ആറ് വിക്കറ്റുകളുടെ വിജയമായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയ്ന്റ്സ് ടേബിളിൽ ആറാം സ്ഥാനം കയ്യടക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.

Previous articleസ്റ്റംപൊടിക്കാന്‍ വന്നവനെ ഗ്യാലറിയില്‍ എത്തിച്ചു. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി തിലക് വര്‍മ്മ
Next articleഇനിയൊരു സീസൺ രാജസ്ഥാനായി ഇവർ കളിക്കില്ല. ആ 3 പേർ ഇവർ??