ഇനിയൊരു സീസൺ രാജസ്ഥാനായി ഇവർ കളിക്കില്ല. ആ 3 പേർ ഇവർ??

mumbai indians vs rajasthan ipl 2023

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ സീസണിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 5 മത്സരങ്ങളിൽ വിജയം നേടി പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാൽ ടീമിന് ബാധ്യതയായി കുറച്ചധികം കളിക്കാർ നിലവിലുണ്ട് എന്നത് വസ്തുതയാണ്. മറ്റു പല താരങ്ങളും പോരാട്ടവീര്യം കാട്ടുമ്പോൾ, ടീമിനെ പിന്നിലേക്ക് അടുപ്പിക്കുന്ന ചില താരങ്ങളും നിരയിലുണ്ട്. ഒരുപക്ഷേ ഈ സീസണിൽ രാജസ്ഥാൻ ചാമ്പ്യന്മാരായി മാറിയാലും ഇങ്ങനെ ചിലരെ ടീമിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. അങ്ങനെ രാജസ്ഥാൻ റോയൽസ് അടുത്ത സീസണിൽ ഒഴിവാക്കാൻ സാധ്യതയുള്ള മൂന്ന് കളിക്കാരെ പരിചയപ്പെടാം.

1. ജേസൺ ഹോൾഡർ

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവച്ചത്. സീസണിൽ ഫൈനലിൽ എത്തിയെങ്കിലും കപ്പ് നേടാൻ രാജസ്ഥാന് സാധിച്ചില്ല. രാജസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നം നിലവാരമുള്ള ഓൾറൗണ്ടർമാരുടെ കുറവായിരുന്നു. അതിന് പരിഹാരമായിയാണ് ജേസൺ ഹോൾഡറെ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. 5 കോടി 75 ലക്ഷം രൂപയ്ക്കായിരുന്നു ഹോൾഡറിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. എന്നാൽ സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് കേവലം 4 വിക്കറ്റുകൾ മാത്രമാണ് ഹോൾഡർ നേടിയിട്ടുള്ളത്. മാത്രമല്ല ബാറ്റിംഗിൽ ഹോൾഡറിന് പലപ്പോഴും അവസരങ്ങൾ പോലും ലഭിക്കാറില്ല. ലഭിച്ച അവസരങ്ങൾ ഹോൾഡർ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഈ സീസണിൽ 12 റൺസ് മാത്രമാണ് ഹോൾഡർ നേടിയിട്ടുള്ളത്. അതിനാൽ ഇനിയൊരു സീസണിൽ ഹോൾഡർ രാജസ്ഥാന് വേണ്ടി കളിക്കുമോ എന്ന കാര്യം സംശയമാണ്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

2. റിയാൻ പരാഗ്

2019 ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ രാജസ്ഥാന്റെ സാന്നിധ്യമാണ് റിയാൻ പരഗ്. ഓൾറൗണ്ടർ എന്ന ലേബലിലാണ് രാജസ്ഥാനായി പരാഗ് കളിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഒരു ബോളർ എന്ന നിലയിൽ യാതൊരു തരത്തിലും പരഗിനെ രാജസ്ഥാൻ പരിഗണിക്കുന്നില്ല. ഐപിഎല്ലിൽ ഇതുവരെ 52 മത്സരങ്ങൾ കളിച്ചിട്ടുള്ള പരാഗ് 4 വിക്കറ്റുകൾ മാത്രമാണ് നേടിയിട്ടുള്ളത്. മാത്രമല്ല ബാറ്റിങ്ങിലും പരഗ് ഒരു പരാജയമായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ പരഗിനെ ഇപ്പോൾ ടീമിൽ നിന്ന് രാജസ്ഥാൻ ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുമ്പോഴും ഐപിഎല്ലിൽ നനഞ്ഞ പടക്കമായി പരഗ് തുടരുകയാണ്. ഇനിയൊരു സീസൺ രാജസ്ഥാനായി പരാഗിന് കളിക്കാൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

3. ദേവദത്ത് പടിക്കൽ

ദേവദത്ത് പടിക്കൽ ഒരു മോശം കളിക്കാരനല്ല. ഇതുവരെ രാജസ്ഥാനായി 25 മത്സരങ്ങൾ കളിച്ച പടിക്കൽ 570 റൺസ് നേടിയിട്ടുണ്ട്. പക്ഷേ രാജസ്ഥാൻ ടീമിന്റെ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ പടിക്കലിന്റെ ആവശ്യം വളരെ കുറവാണ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ ലേലത്തിൽ 7.75 കോടി രൂപയായിരുന്നു പടിക്കലിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ ജയിസ്വാളും ബട്ലറും അടക്കമുള്ളവർ ഓപ്പണിങ്ങിൽ ഉള്ളതിനാൽ തന്നെ പടിക്കൽ മധ്യനിരയിലാണ് ഇറങ്ങുന്നത്. പക്ഷേ ഒരു മധ്യനിര ബാറ്ററിന് ആവശ്യമായ ആക്രമണ മനോഭാവം പടിക്കലിൽ ഒരിക്കലും വന്നിട്ടില്ല. അതിനാൽതന്നെ അടുത്ത സീസണിൽ പടിക്കലിനെ ഒഴിവാക്കി ഒരു വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിക്കാനാവും രാജസ്ഥാൻ ശ്രമിക്കുക.

Scroll to Top