2023 ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളെ പറ്റി സംസാരിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഏകദിന ലോകകപ്പ് ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തുമ്പോൾ വലിയ സാധ്യതകൾ തന്നെയാണ് ഇന്ത്യക്ക് മുൻപിലുള്ളത്. 2011ൽ ഏകദിന ലോകകപ്പ് ഇന്ത്യൻ മണ്ണിൽ എത്തിയപ്പോൾ കിരീടം ചൂടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 2023ൽ രോഹിത് ശർമയുടെ നേതൃത്വത്തിലും ഇത് ആവർത്തിക്കാൻ സാധിക്കുമെന്ന കാഴ്ചപ്പാടിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. എന്നാൽ ഇന്ത്യയെ അലട്ടുന്ന ഒരു വലിയ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് യുവരാജ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
രോഹിത് ശർമ ഇന്ത്യയുടെ മികച്ച നായകനാണെങ്കിലും, ടീമിൽ പരിചയസമ്പന്നരായ കളിക്കാരുടെ കുറവ് ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന് യുവരാജ് പറയുന്നു. 2011 ലോകകപ്പ് സ്വന്തമാക്കുമ്പോൾ ധോണി വലിയ പങ്കുതന്നെ വഹിച്ചിരുന്നു. എന്നിരുന്നാലും ധോണിക്കൊപ്പം പരിചയസമ്പന്നരായ കുറച്ചധികം താരങ്ങൾ ഉണ്ടായിരുന്നു എന്നാണ് യുവരാജ് അഭിമുഖത്തിൽ പറഞ്ഞത്. ഇക്കാരണങ്ങൾ ഇന്ത്യയെ പിന്നിലേക്കടിക്കും എന്ന കാഴ്ചപ്പാടിലാണ് യുവരാജ് സംസാരിച്ചത്.
“ഞാൻ കരുതുന്നത് രോഹിത് ശർമ ഒരു അത്യുഗ്രൻ നായകനാണ് എന്നത് തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിനെ വളരെയധികം കാലം നയിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. സമ്മർദ്ദ സാഹചര്യങ്ങളിൽ മികച്ച തീരുമാനം കൈക്കൊള്ളാനുള്ള കഴിവും രോഹിത് ശർമ്മയ്ക്കുണ്ട്.
എന്നാൽ ഇത്തരം നല്ല ക്യാപ്റ്റൻമാർക്ക് നല്ല ടീമിനെയും നൽകേണ്ടതുണ്ട്. 2011ൽ മഹേന്ദ്ര സിംഗ് ധോണി വളരെ മികച്ച നായകനായിരുന്നു. അതിലുപരി അദ്ദേഹത്തിന് ഉണ്ടായിരുന്നത് വളരെ മികച്ച ഒരു ടീമുമായിരുന്നു. ശരിയല്ലേ?”- യുവരാജ് സിംഗ് അഭിമുഖത്തിൽ ചോദിക്കുന്നു.
2011 ലോകകപ്പ് നേടിയതിനു ശേഷം 2013ൽ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ശേഷം 10 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആ കിരീട നേട്ടത്തിനു ശേഷം മറ്റൊരു കിരീടം ഇന്ത്യൻ മണ്ണിലേക്ക് എത്തിയിട്ടില്ല. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ 2023ലെ ലോകകപ്പ് നോക്കി കാണുന്നത്. കഴിഞ്ഞ സമയങ്ങളിൽ ലോകകപ്പുകളിലും മറ്റും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഇത്തവണ ഇന്ത്യ തിരിച്ചു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.