ലോകകപ്പ് സെമിയിലെത്തുന്ന 4 ടീമുകളെ പ്രവചിച്ച് മഗ്രാത്ത്. സർപ്രൈസ് ലിസ്റ്റിൽ ഇന്ത്യയ്ക്ക് വെല്ലുവിളി.

2023 india vs west indies

2023 ലോകകപ്പിന്റെ ആവേശങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ. ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റ്കൾ. എന്നിരുന്നാലും ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളൊക്കെയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട് ഇത്തവണത്തെ ലോകകപ്പിന്റെ സെമിഫൈനലിൽ ഏതൊക്കെ ടീമുകൾ സ്ഥാനം പിടിക്കും എന്ന് പ്രവചിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ബോളർ ഗ്ലെൻ മഗ്രാത്ത്

എന്തുകൊണ്ടും ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലിൽ ഇടം പിടിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മഗ്രാത്ത്. “ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ നിന്ന് വളരെ വ്യത്യസ്തമാണ് അവരുടെ ഏകദിന ടീം. എന്നിരുന്നാലും അവർ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കും എന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിന്റെ ടോപ്പ് നാലിൽ വരാൻ ഏറ്റവും അർഹതയുള്ള ടീമുകളിൽ ഒന്നുതന്നെയാണ് ഓസ്ട്രേലിയ.”- ചെന്നൈയിൽ എംആർഎഫ് പേസ് ഫൗണ്ടേഷൻ അക്കാദമി സന്ദർശിക്കവെ മഗ്രാത്ത് പറഞ്ഞു.

“ഓസ്ട്രേലിയയ്ക്ക് എന്നും വലിയ ടൂർണമെന്റുകളിലും വലിയ മത്സരങ്ങളിലും മികവു പുലർത്താൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മത്സരബുദ്ധി ഓസ്ട്രേലിയക്ക് എന്നുമുണ്ട്. അവർ മികച്ച രീതിയിൽ തന്നെ പ്രകടനം കാഴ്ചവയ്ക്കും. അതിനാവശ്യമായ പരിചയസമ്പന്നർ അവരുടെ ടീമിലുണ്ട്. മാത്രമല്ല ഒരുപാട് യുവതാരങ്ങളും ടീമിലേക്ക് കഴിഞ്ഞ സമയങ്ങളിൽ വന്നെത്തിയിട്ടുണ്ട്.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവർക്ക് തയ്യാറെടുപ്പിനായി കുറച്ചധികം മത്സരങ്ങൾ അവശേഷിക്കുന്നുമുണ്ട്. ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കും എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചിട്ടുള്ളത്. ഇവർക്കൊപ്പം പാക്കിസ്ഥാനും സെമിയിൽ എത്തുമെന്ന് ഞാൻ കരുതുന്നു.”- മഗ്രാത്ത് കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ 5നാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം നടക്കുക. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയേയാണ് നേരിടുന്നത്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ വച്ചാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

Scroll to Top