കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഘടകമായി മാറാൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ നായകന്മാരുടെ കീഴിൽ ബൂമ്ര കളിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ 3 നായകന്മാരെയും താരതമ്യം ചെയ്ത് സംസാരിക്കുകയാണ് ഇന്ത്യയുടെ പ്രധാന പേസർ.
തന്നെ സംബന്ധിച്ച് ഓരോ നായകന്മാരും വളരെ വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ബുമ്ര പറയുന്നു. എല്ലാ നായകന്മാരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ബൂമ്ര പറഞ്ഞത്. “എല്ലായിപ്പോഴും ബോളർമാരുടെ പക്ഷത്തു നിന്ന് കാര്യങ്ങളെ നോക്കിക്കാണുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. ഒരു ബാറ്ററാണെങ്കിലും ബോളറുടെ പക്ഷത്താണ് രോഹിത് ഉണ്ടാവാറുള്ളത്. കൃത്യമായി താരങ്ങളുടെ വൈകാരിക തലങ്ങൾ മനസ്സിലാക്കാൻ രോഹിത്തിന് സാധിക്കാറുണ്ട്. ഏത് മനോഭാവത്തിലൂടെയാണ് ഒരു താരം കടന്നുപോകുന്നത് എന്ന് കൃത്യമായി രോഹിത്തിന് അറിയാം. കഠിനമായ ഒരു നായകനല്ല രോഹിത് ശർമ. എല്ലാവരോടും തുറന്ന മനസ്സോടെയാണ് രോഹിത് സംസാരിക്കാറുള്ളത്.”- ബൂമ്ര പറയുന്നു.
2016ൽ ധോണിയുടെ കീഴിലായിരുന്നു ബുമ്ര തന്റെ ആദ്യ മത്സരം കളിച്ചത്. ഒരുപാട് ക്രെഡിറ്റ് ധോണിയ്ക്ക് നൽകാനും ബുമ്ര മറന്നില്ല. “മഹേന്ദ്ര സിംഗ് ധോണി എല്ലായിപ്പോഴും നമുക്ക് പൂർണ്ണമായ സുരക്ഷ നൽകും. എത്രയും പെട്ടെന്ന് നമ്മളെ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. തന്റെ തീരുമാനങ്ങളിൽ കൃത്യമായി വിശ്വാസം അർപ്പിച്ചാണ് ധോണി മുൻപിലേക്ക് പോകുന്നത്. മാത്രമല്ല ഒരുപാട് വലിയ പ്ലാനിങ്ങുകളിൽ ധോണി വിശ്വസിക്കാറുമില്ല.”- ബുമ്ര പറയുന്നു.
എന്നാൽ ഇരുവരിൽ നിന്ന് വളരെ വ്യത്യസ്തനായ നായകനാണ് വിരാട് കോഹ്ലി എന്ന് ബൂമ്ര പറയുകയുണ്ടായി. “വിരാട് കോഹ്ലി എപ്പോഴും ഊർജ്ജസ്വലനായ, പ്രചോദനം ഉൾക്കൊണ്ട് കളിക്കുന്ന, ആത്മാർത്ഥതയുള്ള ഒരു നായകനാണ്. കൃത്യമായി താരങ്ങൾക്ക് ഫിറ്റ്നസ് പുലർത്താനായി വിരാട് കോഹ്ലി സഹായിക്കാറുണ്ട്. തന്റേതായ രീതിയിൽ മത്സരത്തെ മാറ്റാനാണ് കോഹ്ലി ശ്രമിക്കുക. ഇപ്പോൾ വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായകനല്ല. പക്ഷേ ഇപ്പോഴും ഒരു ലീഡറെ പോലെയാണ് അവൻ കളിക്കുന്നത്. ക്യാപ്റ്റൻസി എന്നത് ഒരു പോസ്റ്റ് മാത്രമാണ്. ഒരു ടീം മുൻപോട്ടു പോകണമെങ്കിൽ 11 പേരുടെയും സഹകരണം ആവശ്യമാണ്.”- ബുമ്ര കൂട്ടിച്ചേർത്തു.