രഞ്ജി ട്രോഫിയിൽ കേരളത്തെ സഞ്ചു സാംസണ്‍ നയിക്കും, ടീം മരണഗ്രൂപ്പിൽ.

Screenshot 20240817 205351 Facebook

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇത്തവണയും വമ്പൻ പണി. ഇത്തവണത്തെ ടൂർണമെന്റിലും കേരളം മരണ ഗ്രൂപ്പിലാണ് കളിക്കേണ്ടത്. ടൂർണമെന്റിലെ വമ്പൻ ശക്തികളായ മധ്യപ്രദേശ്, ബംഗാൾ, കർണാടക, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ എലൈറ്റ് ഗ്രൂപ്പിലാണ് കേരളം ഇത്തവണ രഞ്ജി പോരാട്ടത്തിന് ഇറങ്ങേണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരള ടീമിന് സാധിച്ചിരുന്നു. 3 വർഷം മുൻപ് ടൂർണമെന്റിന്റെ സെമിഫൈനലെത്താനും കേരളത്തിന് കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കേരളം വീണ്ടും മരണ ഗ്രൂപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന സാന്നിധ്യമായ സഞ്ജു സാംസനാണ് ഇത്തവണ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നായകൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച പരിചയ സമ്പന്നനായ സഞ്ജുവിനെ സംബന്ധിച്ച് രഞ്ജി ട്രോഫിയും ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഗ്രൂപ്പിലെ മറ്റു ടീമുകൾ അതിശക്തരായത് കേരളത്തിന്റെ പ്രകടനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഗ്രൂപ്പിലുള്ള മധ്യപ്രദേശ് കഴിഞ്ഞ രഞ്ജി ട്രോഫി ടൂർണമെന്റിൽ സെമിഫൈനലിൽ എത്തിയ ടീമാണ്. മാത്രമല്ല മുൻപ് കിരീടം സ്വന്തമാക്കാനും മധ്യപ്രദേശിന് സാധിച്ചിരുന്നു. കർണാടക, ബംഗാൾ, പഞ്ചാബ്, ഹരിയാന എന്നീ ടീമുകളും രഞ്ജി ട്രോഫിയിലെ മുൻ ചാമ്പ്യന്മാരാണ്.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

ഒക്ടോബർ 11ന് പഞ്ചാബ് ടീമിനെതിരെയാണ് കേരളം തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ കേവലം ഒരു വിജയം മാത്രമായിരുന്നു കേരളത്തിന് രഞ്ജി ട്രോഫിയിൽ നേടാൻ സാധിച്ചത്. ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായാണ് കേരളം പുറത്തായത്. എന്നാൽ ഇത്തവണ പുതിയ പരിശീലകന് കീഴിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാനാണ് കേരളം തയ്യാറായിരിക്കുന്നത്. ഇത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യമാണ് സഞ്ജു സാംസണ് മുൻപിലുള്ളത്.

മാത്രമല്ല സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമാണ് ഇത്തവണത്തെ രഞ്ജി ട്രോഫി. പലതവണയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു സാംസണ് ദേശീയ ടീമിലേക്ക് തിരികെ വരാനുള്ള ഒരു അവസരം കൂടിയാണ് രഞ്ജി ട്രോഫി ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ ദുലീപ് ട്രോഫി ടൂർണമെന്റിൽ നിന്നും സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ബുച്ചി ബാബു ടൂർണമെന്റിൽ വമ്പൻ പ്രകടനങ്ങളുമായി കളം നിറയുന്നുണ്ട്. ഈ സമയത്ത് സഞ്ജുവിൽ നിന്ന് മികച്ച പ്രകടനങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനാൽ രഞ്ജി ട്രോഫി സഞ്ജുവിനെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടം തന്നെയാണ്.

Scroll to Top