രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

അമേരിക്കയ്ക്കെതിരായ മത്സരത്തിലെ കനത്ത പരാജയത്തിന് ശേഷം ഒരു വലിയ തിരിച്ചുവരവിന് തയ്യാറാവുകയാണ് പാകിസ്ഥാൻ ടീം. നാളെ ഇന്ത്യക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ 8 സ്റ്റേജിലേക്ക് എത്താൻ സാധിക്കൂ.

മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ആദ്യ മത്സരത്തിൽ അയർലണ്ടിനെതിരെ നേടിയ ആധികാരികമായ വിജയം വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ കൂടെ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് ഏകദേശം സൂപ്പർ 8 ഉറപ്പിക്കാനും സാധിക്കും. എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അയർലണ്ടിനെതിരായ മത്സരത്തിനിടെ രോഹിത് ശർമയ്ക്ക് പരിക്ക് പറ്റിയിരുന്നു. ശേഷം ഇപ്പോൾ പരിശീലനത്തിനിടെ വീണ്ടും രോഹിത്തിന് പരിക്ക് പറ്റിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അയർലണ്ടിനെതിരായ മത്സരത്തിനിടെ പേസർ ജോഷ് ലിറ്റലിന്റെ പന്ത് രോഹിത് ശർമയുടെ കയ്യിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. കുറച്ച് ഓവറുകൾക്ക് ശേഷം രോഹിത് ശർമ റിട്ടയേർഡ് ഹർട്ടായി തിരികെ നടക്കുകയും ചെയ്തു. മത്സരത്തിൽ 37 പന്തുകളിൽ 52 റൺസായിരുന്നു രോഹിത് നേടിയത്.

എന്നാൽ പരിക്ക് കഠിനമല്ല എന്ന് രോഹിത് ശർമ മത്സരശേഷം പറയുകയും ചെയ്തിരുന്നു. പിന്നീട് വെള്ളിയാഴ്ചയാണ് രോഹിത് ശർമയ്ക്ക് വീണ്ടും പരിക്കേറ്റത്. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപുള്ള പരിശീലനത്തിൽ ആയിരുന്നു രോഹിത് ശർമയും കൂട്ടരും. ഈ സമയത്ത് രോഹിത്തിന്റെ കൈവിരലിൽ പന്ത് കൊള്ളുകയാണ് ഉണ്ടായത്.

ശ്രീലങ്കയുടെ നെറ്റ് ബോളറായ നുവാൻ എറിഞ്ഞ പന്ത് അസ്ഥിരതയാർന്ന രീതിയിൽ ബൗൺസ് ചെയ്യുകയും രോഹിത്തിന്റെ വിരലിൽ പന്ത് കൊള്ളുകയുമാണ് ഉണ്ടായത്. പെട്ടെന്ന് തന്നെ രോഹിത് പരിശീലനം നിർത്തി. പക്ഷേ കുറച്ചു സമയത്തിന് ശേഷം രോഹിത് പരിശീലനം പുനരാരംഭിക്കുകയുണ്ടായി. എന്നാൽ രോഹിത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. മത്സരത്തിൽ നിന്നും രോഹിത് മാറി നിന്നാൽ ഉപനായകനായ ഹർദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുക. അങ്ങനെയെങ്കിൽ രോഹിത്തിന് പകരം ജയസ്വാൾ ഓപ്പണറായി എത്തിയേക്കും.

ഇന്ത്യയ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് പാക്കിസ്ഥാനെതിരെ നടക്കുന്നത്. കാനഡയും പാകിസ്ഥാനുമെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ അമേരിക്ക സൂപ്പർ എട്ടിലേക്ക് കുതിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ പരാജയപ്പെടുകയാണെങ്കിൽ അവർക്ക് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതാണ്. ഇക്കാരണം കൊണ്ട് തന്നെ വലിയൊരു വിജയത്തിൽ കുറഞ്ഞതൊന്നും പാകിസ്ഥാൻ പ്രതീക്ഷിക്കുന്നില്ല.

Previous articleപാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര
Next articleകഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.