ഒരു കളി കൊണ്ട് അവരെ പുച്ഛിക്കരുത് :ഇന്ത്യൻ ടീമിന് പിന്തുണയുമായി മുൻ താരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ടീം ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ്. പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ എട്ട് വിക്കറ്റിന്റെ തോൽവി ഇന്ത്യൻ ടീം കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയപ്പോൾ ഏറ്റവും അധികം നിരാശയിലായത് ഏറെ നാളത്തെ കാത്തിരിപ്പോടെ കിരീടം പ്രതീക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരാണ്. ബാറ്റിങ് നിര രണ്ട് ഇന്നിങ്സിലും പരാജയമായത് ഇന്ത്യൻ ടീമിന് തിരിച്ചടിയായാപ്പോൾ ആദ്യ ടെസ്റ്റ് ലോകകപ്പ് കരസ്ഥമാക്കിയ കിവീസ് ടീം ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങി. ഫൈനലിലെ തോൽവിക്ക് പിന്നാലെ ടീം മാനേജ്മെന്റിനും ഇന്ത്യൻ നായകൻ കോഹ്ലിക്കും എതിരെ രൂക്ഷ വിമർശനം ആരാധകരിൽ നിന്നും മുൻ ഇന്ത്യൻ താരങ്ങളിൽ നിന്നും ഉയർന്ന് കഴിഞ്ഞു.

എന്നാൽ ഇന്ത്യൻ ടീമിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരവും പ്രമുഖ കമന്റേറ്ററുമായ രോഹൻ ഗവാസ്‌ക്കർ.ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ മാത്രം എല്ലാവരും പരിഹസിക്കേണ്ട ടീമല്ല ഇത് എന്നും അദ്ദേഹം അഭിപ്രായപെടുന്നു. ഏറെ കരുത്തുറ്റ താരങ്ങളുള്ള ഇന്ത്യൻ ടീമിനെ ഫൈനലിലെ തോൽവിയുടെ മാത്രം പേരിൽ നമ്മൾ എഴുതിതള്ളുന്നത് ഒരിക്കലും നീതിയല്ല എന്നും അദ്ദേഹം അഭിപ്രായം വിശദീകരിച്ചു.

“ഒട്ടനവധി സൂപ്പർ സ്റ്റാർ താരങ്ങൾ ഇന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലുണ്ട്.ഫൈനലിൽ കിവീസ് ടീം മികച്ചതായി കളിച്ചു. നമ്മൾ സമസ്‌ത മേഖലയിലും തോൽവി നേരിട്ട ഫൈനലിന്റെ മാത്രം അടിസ്ഥാനത്തിൽ ടീം ഇന്ത്യയെ മോശമെന്ന് പറയുവാൻ സാധിക്കില്ല. അവർ എത്രത്തോളം മികച്ച ടീമാണെന്ന് കഴിഞ്ഞ രണ്ട് വർഷത്തെ എല്ലാ പ്രകടനവും തെളിയിക്കും “രോഹൻ വാചാലനായി.

ഇന്ത്യൻ ബൗളിംഗ് നിരയുടെ അത്ഭുത പ്രകടനത്തെ കുറിച്ചും രോഹൻ വളരെ ഏറെ അഭിപ്രായങ്ങൾ പങ്കുവെച്ചു.’ഏറെ മികച്ചതാണ് ഇന്ത്യൻ ബൗളിംഗ്.നമ്മുടെ ടീമിലിപ്പോൾ അഞ്ച് മുതൽ ഏഴ് ഫാസ്റ്റ് ബൗളർമാർ വരെ ഒരേസമയം മികച്ച പ്രകടനം കാഴ്ചവെക്കുവാൻ ഉണ്ട്. അവർ ഏത് പിച്ചിലും ഏത് എതിരാളികൾക്കും വെല്ലുവിളി ഉയർത്തുവാൻ കഴിവുള്ള പേസ് ആക്രമണമാണ് “താരം അഭിപ്രായം വിശദമാക്കി