ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. ഒരു മത്സരത്തില്‍ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയാല്‍ പോലും അടുത്ത മത്സരത്തില്‍ അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് റോബിന്‍ ഉത്തപ്പ കുറ്റപ്പെടുത്തി.
” ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിട്ടും കുല്‍ദീപ് യാദവിന് അടുത്ത മത്സരത്തില്‍ അവസരം നല്‍കിയില്ല. ഇത് അത്ര നല്ല സന്ദേശമല്ല യുവതാരങ്ങളുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നല്‍കുന്നത്.2013 ന് ശേഷം ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ കിരീടം നേടാന്‍ സാധിക്കാത്തതിന് കാരണം ടീം ഇലവനിലെ സ്ഥിരതയില്ലായ്മയാണ്. ” – ഉത്തപ്പ പറഞ്ഞു.പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പയുടെ വിമര്‍ശനം.
ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും അവരുടെ ടീമുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താറില്ലെന്നും പ്ലേയര്‍ ഓഫ് ദി മാച്ച് ആയാല്‍ പോലും ടീമില്‍ സ്ഥാനം ലഭിക്കുമോയെന്ന് ഉറപ്പില്ലെന്നും ഇന്ത്യന്‍ ടീമില്‍ ഒരു കളിക്കാരന്റെയും സ്ഥാനം സുരക്ഷിതമല്ലായെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.