ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ അവസാന ഏകദിന മത്സരത്തിലാണ് യുവതാരം റിയാൻ പരാഗ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുക്കാൻ പരാഗിന് സാധിച്ചിരുന്നു. നിർണായകമായ 3 വിക്കറ്റുകൾ പരാഗ് മത്സരത്തിൽ സ്വന്തമാക്കി. എന്നാൽ ബാറ്റിംഗിൽ കൃത്യമായി മികവ് പുലർത്താൻ താരത്തിന് സാധിച്ചില്ല.
ഇതിൽ പ്രധാനപ്പെട്ട കാരണമായി മാറിയത് പരഗിന്റെ ബാറ്റിംഗ് പൊസിഷനായിരുന്നു. മറ്റ് മത്സരങ്ങളിലൊക്കെയും ആദ്യ നാലിൽ കളിക്കുന്ന പരാഗ് ഇന്ത്യക്കായി തന്റെ അരങ്ങേറ്റ മത്സരത്തിൽ ഏഴാം നമ്പറിലാണ് ഇറങ്ങിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി.
ഒരു യുവ ക്രിക്കറ്റ് താരം എന്ന നിലയ്ക്ക് ഒരുപാട് ഭാവിയുള്ള കളിക്കാരനാണ് റിയാൻ പരഗ് എന്ന് ബാസിത് അലി പറയുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ടീമിലെ ഒരു സൂപ്പർ സ്റ്റാറായി അവൻ മാറുമെന്നും ബാസിത് അലി കരുതുന്നു. പക്ഷേ പരാഗിനെ ഏഴാം നമ്പറിൽ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ബാസിത് അലി രംഗത്ത് എത്തുന്നത്. കൃത്യമായി മധ്യനിരയിൽ കളിക്കേണ്ട താരമാണ് പരാഗ് എന്ന് അലി പറഞ്ഞു. താനായിരുന്നുവെങ്കിൽ ഒരു കാരണവശാലും ഇത്തരത്തിൽ പരഗിനെ ഏഴാം നമ്പരിൽ ഇറക്കില്ലായിരുന്നു എന്നാണ് മുൻ പാക് താരം പറയുന്നത്.
“റിയാൻ പരാഗ് വിരാട് കോഹ്ലിൽ നിന്നാണ് തന്റെ ഏകദിന ക്യാപ്പ് ഏറ്റുവാങ്ങിയത്. ഈ സമയത്ത് എന്റെ ഹൃദയം പറഞ്ഞിരുന്നത് ഇവൻ അടുത്ത സൂപ്പർസ്റ്റാറായി മാറുമെന്ന് തന്നെയാണ്. പക്ഷേ മത്സരത്തിൽ അവന്റെ ബാറ്റിംഗ് ഓർഡറിൽ വലിയ രീതിയിലുള്ള വീഴ്ചയാണ് വന്നിരിക്കുന്നത്. നമ്മൾ ഒരു താരത്തെ ടീമിലേക്ക് ഉൾപ്പെടുത്തുമ്പോൾ അവർക്ക് കൃത്യമായി ചാൻസ് നൽകേണ്ടതുണ്ട്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ അവന് കൃത്യമായ ഒരു ബാറ്റിംഗ് പൊസിഷൻ നൽകണമായിരുന്നു. ഞാൻ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ഭാഗമായിരുന്നുവെങ്കിൽ നാലാം നമ്പറിൽ തന്നെ റിയാൻ പരാഗിനെ മത്സരത്തിൽ കളിപ്പിച്ചേനെ.”- ബാസിത് അലി പറഞ്ഞു.
മത്സരത്തിൽ 15 റൺസ് മാത്രമായിരുന്നു പരാഗിന് സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് പരാഗ് കുട്ടിക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
രാജസ്ഥാനായി 2024 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷം ആസാമിനായി ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്തിയതോടെയാണ് ഇന്ത്യ പരാഗിനെ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചത്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ വിജയത്തിലും പരാഗ് ഒരു പ്രധാന പങ്കു വഹിച്ചിരുന്നു.