സഞ്ജുവിനെ ഇറക്കാതെ ഗംഭീർ കാട്ടിയ മണ്ടത്തരം. ലങ്കയിൽ ഇന്ത്യയ്ക്കുണ്ടായ അബദ്ധങ്ങളുടെ ഘോഷയാത്ര.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ടീമിൽ നിന്ന് ഇത്തരത്തിൽ മോശം പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ശ്രീലങ്കയിൽ ഇന്ത്യ പൂർണമായും പതറുന്നതാണ് കാണുന്നത്.

ടീം സെലക്ഷനിലെയും മറ്റും വന്ന അപാകതകൾ ഇതിന് വലിയൊരു കാരണമായി പലതാരങ്ങളും ചൂണ്ടിക്കാട്ടുകയുണ്ടായി. ഒപ്പം ഇന്ത്യൻ ബാറ്റർമാരുടെ മനോഭാവത്തെയും പല മുൻ താരങ്ങളും ചോദ്യം ചെയ്തു. ട്വന്റി20 മത്സരങ്ങളിലേക്ക് പൂർണ്ണമായും മനോഭാവം മാറ്റിയ ഇന്ത്യൻ താരങ്ങൾക്ക്, തിരികെ ഏകദിനത്തിലേക്ക് വരാൻ ഇനിയും സാധിച്ചിട്ടില്ല എന്ന് ചില മുൻ താരങ്ങൾ വിലയിരുത്തി. പരമ്പരയിലെ ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന 2 കാരണങ്ങൾ പരിശോധിക്കാം.

1. സെലക്ഷൻ തീരുമാനങ്ങൾ

പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ടീം സെലക്ഷൻ തന്നെയായിരുന്നു. ശിവം ദുബെയെയും റിഷഭ് പന്തിനെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ച് തുടക്കത്തിൽ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ സമയത്ത് വളരെയധികം ചർച്ചയായ ഒരു വിഷയമാണ് മലയാളി താരം സഞ്ജു സാംസൺ. തന്റെ അവസാന ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയിട്ടും സഞ്ജുവിന് ഇന്ത്യൻ സെലക്ടർമാർ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവസരം നൽകിയിരുന്നില്ല. പന്ത്, ദുബെ എന്നിവരെക്കാൾ മികച്ച താരമാണ് വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ എന്ന് ആരാധകർ തുടക്കത്തിൽ തന്നെ വിലയിരുത്തിയിരുന്നു..

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിൽ പരിഗണിക്കാതിരുന്നതിന് എതിരെയും വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ മികച്ച താരങ്ങളെ പുറത്തിരുത്തി ശ്രീലങ്കയ്ക്കെതിരെ മൈതാനത്ത് ഇറങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറി എന്ന് പലരും വിലയിരുത്തുന്നു. മാത്രമല്ല ടീമിൽ ഉൾപ്പെട്ട താരങ്ങളുടെ മനോഭാവത്തിൽ പൂർണ്ണമായും ട്വന്റി20യുടെ ഘടന കാണാൻ സാധിച്ചിരുന്നു. പല ബാറ്റർമാരും ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കുന്നതിന് പകരം വമ്പൻ ഷോട്ടുകൾ കളിച്ച് പുറത്താവുന്നതായിരുന്നു കണ്ടത്.

2. ബാറ്റിംഗ് ഓർഡർ അപാകത

പരമ്പരയിൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റം വലിയ രീതിയിൽ പരാജയമായി മാറി. ശ്രീലങ്കയ്ക്ക് എതിരായ മത്സരങ്ങളിൽ ഗൗതം ഗംഭീർ ബാറ്റിംഗ് ഓർഡറിൽ വലിയൊരു ചൂതാട്ടം തന്നെയാണ് നടത്തിയത്. ആദ്യ 3 സ്ഥാനങ്ങളിൽ ഇറങ്ങുന്ന താരങ്ങൾക്ക് മാത്രമായിരുന്നു തങ്ങളുടെ ബാറ്റിംഗ് ഓർഡർ കൃത്യമായി അറിയാവുന്നത്.

ശേഷം വലംകൈ- ഇടംകൈ കോമ്പിനേഷനെ കൂടുതലായി ഇന്ത്യ ആശ്രയിക്കുകയും, അതിനനുസരിച്ച് ബാറ്റിംഗ് ലൈനപ്പ് ഗംഭീർ തിരുത്തുകയും ചെയ്തു. ഇതെല്ലാം തന്നെ വലിയ രീതിയിൽ ഫ്ലോപ്പ് ആയി മാറി. നാലാം നമ്പറിൽ മികച്ച റെക്കോർഡുള്ള ശ്രേയസ് അയ്യരെ ഗംഭീർ ഒരു മത്സരത്തിൽ പോലും ആ പൊസിഷനിൽ കളിപ്പിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വലിയ പോരായ്മകൾ ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഉണ്ടായി.

Scroll to Top