മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻപ് ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ പന്തിന് സാധിച്ചിട്ടുണ്ടെങ്കിലും, നിലവിൽ പന്തിന്റെ പതനമാണ് ഓസ്ട്രേലിയയിൽ കാണുന്നത്.
ഈ സാഹചര്യത്തിൽ റിഷഭ് പന്ത് കൂടുതൽ നന്നായി സിറ്റുവേഷൻ മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് രോഹിത് ശർമ പറഞ്ഞിരിക്കുന്നത്. മെൽബൺ ടെസ്റ്റ് മത്സരത്തിൽ പന്തിന്റെ വിക്കറ്റായിരുന്നു ഇന്ത്യയുടെ പരാജയത്തിൽ പ്രധാനമായി മാറിയത്. ജയ്സ്വാളും പന്തും ക്രീസിൽ തുടരുന്ന സമയത്ത് ഇന്ത്യയ്ക്ക് അനായാസം സമനില സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പിന്നീട് മത്സരം മാറിമറിയുകയാണ് ഉണ്ടായത്.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ ഒരു ലാപ് ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ ഒരു സ്ലോഗ് ഷോട്ട് കളിക്കുന്നതിനിടെ മിച്ചൽ മാർഷിന് ക്യാച്ച് നൽകി പന്ത് മടങ്ങുകയാണ് ഉണ്ടായത്. ആദ്യ ഇന്നിങ്സിലെ പന്തിന്റെ പുറത്താകൽ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സുനിൽ ഗവാസ്കർ അടക്കമുള്ളവർ ഇതിനെ വളരെ മോശം രീതിയിലാണ് നോക്കി കണ്ടത്. പന്ത് ഏത് വഴിയിലാണ് ചിന്തിക്കേണ്ടത് എന്നതിനെപ്പറ്റിയാണ് രോഹിത് ഇപ്പോൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ആക്രമണവും പ്രതിരോധവും തമ്മിലുള്ള നല്ല ഒരു സന്തുലിതാവസ്ഥ മത്സരത്തിൽ കൊണ്ടുവരാൻ പന്തിന് സാധിക്കണം എന്ന് ഇന്ത്യൻ നായകൻ പറയുകയുണ്ടായി.
“അവന് സ്വയം എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കണം. മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതിൽ ഉപരിയായി തനിക്കിനിയും എങ്ങനെ മുൻപോട്ടു പോകാൻ സാധിക്കും എന്ന് പന്ത് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ സമയങ്ങളിൽ അവന്റെ ഇത്തരത്തിലുള്ള ആക്രമണപരമായ ബാറ്റിംഗ് ഇന്ത്യൻ ടീമിന് ഒരുപാട് വിജയങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ചില സമയങ്ങളിൽ നമ്മൾ എങ്ങനെ കളിക്കണമെന്ന് നന്നായി ചിന്തിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്. കാര്യങ്ങളൊക്കെയും അത്ര ശുഭകരമല്ലാതെയാണ് മുൻപോട്ട് പോകുന്നതെങ്കിൽ ഇത്തരം പരാജയങ്ങൾ നമ്മെ നിരാശരാക്കും. വിജയവും പരാജയവും തമ്മിൽ ഒരു ബാലൻസ് ഉണ്ടാക്കാൻ സാധിക്കണം.”- രോഹിത് പറഞ്ഞു.
“ഒരു നായകൻ എന്ന നിലയിൽ ഇതിനെപ്പറ്റി ഒരു വലിയ സംഭാഷണം നടത്താൻ എനിക്ക് സാധിക്കില്ല. കാരണം ഇത്തരത്തിലുള്ള ഷോട്ടുകളൊക്കെയും അവന് മുൻപ് ഒരുപാട് വിജയങ്ങൾ നൽകിയിട്ടുണ്ട്. ഇത് അവന്റെ സമയമാണ്. അവനാണ് ഏതു വഴി മുൻപോട്ട് പോകണം എന്ന് കണ്ടെത്തേണ്ടത്. എല്ലാം സാഹചര്യത്തെക്കൂടി കണക്കിലെടുത്ത് വേണം ചിന്തിക്കാൻ. ഒരു ഷോട്ട് കളിക്കുമ്പോൾ അതിൽ ഒരുപാട് റിസ്ക് ഉണ്ടെങ്കിൽ ആ റിസ്ക് നമ്മൾ എടുക്കണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എതിർ ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരണമോ എന്നും നമ്മൾ ചിന്തിക്കണം. അത്തരം കാര്യങ്ങളാണ് നമ്മൾ മനസ്സിലാക്കേണ്ടത്.”- രോഹിത് കൂട്ടിച്ചേർത്തു.