ഐസിസി റാങ്കിങ്ങിൽ കുതിപ്പുമായി റിഷാബ് പന്തും ,ശുഭ്മാൻ ഗില്ലും : നേട്ടമായത് ഓസീസ് പരമ്പരയിലെ മിന്നും പ്രകടനം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്പൻ  നേട്ടമുണ്ടാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍  ഋഷഭ് പന്ത്. ഓസ്‌ട്രേിയക്കെതിരായ ടെസ്റ്റ്  പരമ്പരയില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് റിഷാബ്  പന്തിന് തുണയായത്. 13-ാം സ്ഥാനത്താണ് പന്ത് ഇപ്പോൾ . ഓസ്‌ട്രേലിയില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 274 റണ്‍സാണ് പന്ത് നേടിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ഒന്നാമതായിരുന്നു   വിക്കറ്റ് കീപ്പർ ബാറ്സ്മാനായ പന്ത്. ഗാബയില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് പന്ത് ആയിരുന്നു. 328 റണ്‍സ് പിന്തുടരുമ്പോള്‍ 89 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു പന്ത് . ടെസ്റ്റ്  ബാറ്സ്മാന്മാരുടെ  പട്ടികയില്‍ ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമനാണ് പന്ത്. 15-ാം റാങ്കിലുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍  ഡി  കോക്കാണ് രണ്ടാമത്. 

അതേസമയം ടെസ്റ്റ് പരമ്പരയിൽ അരങ്ങേറിയ  യുവതാരം ശുഭ്മാന്‍ ഗില്ലും റാങ്കിങ്ങിൽ  നേട്ടമുണ്ടാക്കി. 68ാം സ്ഥാനത്തായിരുന്നു താരം 47ാമതെത്തി. മൂന്ന് ടെസ്റ്റില്‍ നിന്ന് 259 റണ്‍സാണ് ഗില്‍ നേടിയത്. ഗാബ ടെസ്റ്റില്‍ 91 റണ്‍സ് താരം  നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായ പൂജാര റാങ്കിങ്ങിൽ  ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തായി. നാല് ടെസ്റ്റുകള്‍ കളിച്ച പൂജാര 271 റണ്‍സാണ് നേടിയത്. അതേ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് 32 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. നിലവില്‍ 45ാം സ്ഥാനത്താണ് സിറാജ്. സിറാജിന്റെയും കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ഓസീസ് എതിരെ നടന്നത് .

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, നീല്‍ വാഗ്നര്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നു. ജോഷ് ഹേസല്‍വുഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. എട്ടാം സ്ഥാനത്താണ് താരം. ജസ്പ്രിത് ബുമ്ര ഒമ്പതാം സ്ഥാനത്തുണ്ട്. ഒരു സ്ഥാനമാണ് ബുമ്ര മെച്ചപ്പെടുത്തിയത്.

അതേസമയം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമായി. റാങ്കിങ്ങിൽ  മൂന്നാം  സ്ഥാനത്താണിപ്പോള്‍ ജഡേജ. അശ്വിന്‍ അഞ്ചാമതുണ്ട്. പരിക്ക് കാരണം ബ്രിസ്ബേനിൽ ടെസ്റ്റ് മത്സരം കളിക്കുവാൻ ജഡേജക്കും അശ്വിനും സാധിച്ചിരുന്നില്ല .

ബാറ്റിംഗ് റാങ്കിങ് പരിശോധിച്ചാൽ  ഓസീസ് എതിരായ  പരമ്പരയിൽ നായകനായിരുന്ന അജിന്‍ക്യ രഹാനെയ്ക്ക് രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി. അജിൻക്യ രഹാനെ  ഒമ്പതാം സ്ഥാനത്തേക്ക് വീണു. പരമ്പരിയില്‍ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരം രഹാനെ ആയിരുന്നു. നാല് ടെസ്റ്റില്‍ നിന്ന് 268 റണ്‍സാണ് രഹാനെ നേടിയത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മാത്രം കളിച്ച വിരാട് കോലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്കെതിരെ മിന്നുന്ന ഇന്നിങ്‌സുകള്‍ കളിച്ച മര്‍നസ് ലബുഷെയ്ന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് ആറ് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി റാങ്കിങ്ങിൽ  അഞ്ചാമതെത്തി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്റ്റീവന്‍ സ്മിത്ത് രണ്ടാമതുണ്ട്.

Previous articleരാജസ്ഥാനെ നയിക്കുവാൻ സഞ്ജു സാംസൺ : വലിയ അംഗീകാരമെന്ന് താരം
Next articleലേലത്തിന് മുൻപായി അന്തിമ അഴിച്ചുപണിയുമായി ടീമുകൾ : കാണാം 8 ടീമുകളും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയവരും