ലോകക്രിക്കറ്റിലെ തന്നെ അത്ഭുത ഫിനിഷ്. റിങ്കു സിംഗിന്റെ 29 റൺ ഓവർ.

ആരും പ്രതീക്ഷ വയ്ക്കാതിരുന്ന, ആരും വിശ്വസിക്കാത്ത ഒരു വിജയം. അതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെ നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് വേണ്ടിയിരുന്നത്. പന്തെറിയുന്നത് യാഷ് ദയാൽ. ബാറ്റിങ് ക്രീസിലുള്ളത് ഉമേഷ് യാദവ്. നോൺ സ്ട്രൈക്കർ എൻഡിൽ റിങ്കു സിംഗ്. ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാലറിയിൽ ഇരിക്കുന്ന കാണികൾ എഴുന്നേറ്റ് പിന്നിലേക്ക് നടന്നാലും അത്ഭുതമില്ല. കാരണം ഇവിടെ നിന്ന് ഒരു വിജയം എന്നത് പലർക്കും സ്വപ്നം മാത്രമാണ്. എന്നാൽ അത് നിറവേറ്റാൻ ആത്മവിശ്വാസമുള്ള ഒരു ബാറ്റർക്ക് സാധിക്കുമെന്നതിന് ഉദാഹരണമാണ് മത്സരത്തിൽ കണ്ടത്.

അവസാന ഓവറിൽ 29 റൺസ് വേണമെന്ന തിരിച്ചറിവിൽ റിങ്കു ഒരല്പം പോലും പതറിയില്ല. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ ആത്മവിശ്വാസത്തിൽ റിങ്കു അടിച്ചുതകർത്തു. ഓവറിലെ ആദ്യ പന്ത് സിംഗിൾ നേടി റിങ്കുവിന് സ്ട്രൈക്ക് നൽകുക എന്നത് മാത്രമായിരുന്നു ഉമേഷ് യാദവിന്റെ കടമ. അത് അയാൾ ഭംഗിയോടെ തന്നെ നിർവഹിച്ചു. ശേഷം ഓവറിലെ രണ്ടാം പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഫുൾ ടോസായി വന്നു. അത് കവറിനു മുകളിലൂടെ സിക്സർ പായിച്ചാണ് റിങ്കു ആരംഭിച്ചത്.

20dd003a 7b97 45c1 b634 65f79f5bf928

അടുത്ത രണ്ടു പന്തുകളും ഫുൾ ടോസ് ആയി വന്നപ്പോഴും റിങ്കു സിംഗ് ഭയന്നില്ല. കിട്ടിയ അവസരത്തിൽ പന്തുകൾ സിക്സ് ലൈൻ കടത്താൻ റിങ്കുവിന് സാധിച്ചു. അങ്ങനെ ഓവറിലെ നാലു പന്തുകൾ അവസാനിച്ചപ്പോൾ കൊൽക്കത്ത വിജയത്തിന്റെ പ്രതീക്ഷകൾ വച്ചു തുടങ്ങി. അവസാന രണ്ടു പന്തുകളിൽ 10 റൺസ് ആയിരുന്നു കൊൽക്കത്തക്ക് വിജയിക്കാൻ വേണ്ടത്. ഇനിയും ഫുൾ ടോസ് പോകരുത് എന്ന ഉറച്ച ലക്ഷ്യം യാഷ് ദയാലിലും ഉണ്ടായിരുന്നു. അയാൾ അടുത്ത പന്ത് ഒരു സ്ലോ ബോളായി എറിഞ്ഞു. എന്നാൽ ക്രീസിൽ, ആ പന്ത് തന്റെ അടുത്ത് വരാൻ റിങ്കു സിംഗ് കാത്തിരുന്നു. ശേഷം ഒരു തകർപ്പൻ ഷോട്ടിലൂടെ ലോങ് ഓണിന് മുകളിൽ ഒരു വെടിക്കെട്ട് സിക്സർ.

കൊൽക്കത്തൻ ആരാധകർക്ക് ജീവൻ തിരിച്ചു കിട്ടിയ നിമിഷമായിരുന്നു അത്. അവസാന പന്തിൽ കൊൽക്കത്തയ്ക്ക് വിജയിക്കാൻ ആവശ്യമായിരുന്നത് 4 റൺസായിരുന്നു. ഒരു സ്ലോ ഷോർട്ട് ബോളാണ് അവസാന പന്തിൽ യാഷ് ദയാൽ എറിഞ്ഞത്. പന്ത് സ്ലോ ആണെന്ന് കൃത്യമായി മനസ്സിലാക്കിയ റിങ്കു ക്രീസിൽ കാത്തിരുന്നു. ശേഷം സർവ്വശക്തിയുമെടുത്ത് ആക്രമിച്ചു. പന്ത് ബാറ്റിൽ കൊണ്ട നിമിഷം തന്നെ അത് സിക്സറാണെന്ന് റിങ്കു സിംഗ് ഉറപ്പിച്ചിരുന്നു. ശേഷം അത്ഭുതവിജയം നേടിയെടുത്തതിന്റെ ആഹ്ലാദപ്രകടനം. ഐപിഎല്ലിൽ എന്നല്ല ലോക ക്രിക്കറ്റിൽ തന്നെ അത്യപൂർവ്വമായ ഒരു ഫിനിഷിംഗ്. എന്തുകൊണ്ടും അഭിമാനകരമായ പ്രകടനം തന്നെയാണ് റിങ്കു മത്സരത്തിൽ കാഴ്ചവച്ചത്.

Previous articleത്രില്ലര്‍ പോരാട്ടം. വെങ്കിയുടെ പോരാട്ടവും റിങ്കുവിന്‍റെ ഫിനിഷും. റാഷീദ് ഖാന്‍റെ ഹാട്രിക്ക് വിഫലം.
Next articleപഞ്ചാബിനെ പഞ്ചറാക്കി ഹൈദരാബാദ്. സീസണിലെ ആദ്യ വിജയം 8 വിക്കറ്റുകൾക്ക്.