അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച തുടക്കം ലഭിച്ച റിങ്കു സിംഗിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. റിങ്കു സിംഗ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു മാച്ച് വിന്നറാണെന്നും, സ്ഥിരതയോടെ കളിക്കാൻ അവന് സാധിക്കുന്നുണ്ട് എന്നുമാണ് ഡിവില്ലിയേഴ്സ് പറയുന്നത്.
കഴിഞ്ഞ സമയങ്ങളിലെ റിങ്കുവിന്റെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ഡിവില്ലിയേഴ്സ് പ്രതികരിച്ചിരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യക്കായി വലിയ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. തന്റെ അരങ്ങേറ്റത്തിന് ശേഷം ഇതുവരെ 15 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് റിങ്കു സിംഗ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്നും 356 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 89 എന്ന മികച്ച ശരാശരിയും റിങ്കുവിനുണ്ട്.
ഈ സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സിന്റെ പ്രശംസ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു റിങ്കു സിംഗ് കാഴ്ചവെച്ചത്. ഇന്ത്യ 22ന് 4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മത്സരത്തിൽ റിങ്കു ക്രീസിലെത്തിയത്. ശേഷം ഇന്ത്യക്കായി 39 പന്തുകളിൽ 69 റൺസ് റിങ്കു നേടുകയുണ്ടായി.
അവസാന ഓവറുകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതാണ് റിങ്കു ഇത്രയധികം ശ്രദ്ധേയകർഷിക്കാൻ കാരണം. ഇന്ത്യയെ സംബന്ധിച്ച് റിങ്കു സിംഗ് ഒരു അവിശ്വസനീയ കളിക്കാരൻ തന്നെയാണ് എന്ന് ഡിവില്ലിയേഴ്സ് സമ്മതിക്കുകയാണ്. ഇനിയും ഇന്ത്യക്കായി ഒരുപാട് മത്സരങ്ങളിൽ വിജയം സമ്മാനിക്കാൻ റിങ്കുവിന് സാധിക്കും എന്നാണ് ഡിവില്ലിയേഴ്സ് കരുതുന്നത്.
“റിങ്കു സിംഗ് ഒരു അവിശ്വസനീയ ക്രിക്കറ്റർ തന്നെയാണ്. അവൻ ഒരു മാച്ച് വിന്നറാണ്. മാത്രമല്ല അവൻ സ്ഥിരതയോടെ കളിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. എല്ലാ ടീമുകൾക്കും ആവശ്യം റിങ്കുവിനെപ്പോലെ ഒരു താരത്തെയാണ്. മത്സരത്തിൽ സ്ഥിരതയോടെ കളിക്കുക മാത്രമല്ല, ടീമിനെ വിജയത്തിലെത്തിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് റിങ്കു സിംഗ്”- ഡിവില്ലിയേഴ്സ് പറയുന്നു.
മറ്റു പല താരങ്ങളും റിങ്കുവിന് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് 2024 ലോകകപ്പിലെ ഇന്ത്യയുടെ എക്സ് ഫാക്ടറായി റിങ്കു മാറുമെന്ന് മുൻപ് പറഞ്ഞിരുന്നു.
പ്രധാനമായും റിങ്കു സിംഗിന്റെ ബാറ്റിംഗ് ശൈലിയാണ് മുൻ താരങ്ങളെ ആകർഷിച്ചിട്ടുള്ളത്. ക്രീസിലെത്തി ആദ്യ ബോൾ മുതൽ ബോളർമാരെ അടിച്ചു തകർക്കാൻ റിങ്കുവിന് സാധിക്കുന്നുണ്ട്. മാത്രമല്ല അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ റിങ്കു തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വളരെ വ്യത്യസ്തമായാണ് കളിച്ചത്.
സാഹചര്യത്തിനനുസരിച്ച് തന്റെ മത്സരത്തിൽ മാറ്റം വരുത്താൻ സാധിക്കുന്ന താരമാണ് റിങ്കു എന്ന് അഫ്ഗാൻ താരം ഗുർബാസും പറയുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് 2024 ട്വന്റി20 ലോകകപ്പിൽ ഉയർത്തിക്കാട്ടാൻ സാധിക്കുന്ന ഒരു താരം തന്നെയാണ് ഈ ഫിനിഷർ.