“സ്ലെഡ്ജ് ചെയ്ത് അവനെ പ്രകോപിപ്പിക്കൂ”. കോഹ്ലിയെ പുറത്താക്കാൻ ഇംഗ്ലണ്ടിന് പനേസറിന്റെ ടിപ്.

Virat Kohli 3

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജനുവരി 25നാണ് ആരംഭിക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. പരമ്പരയിൽ ഇന്ത്യയുടെ സീനിയർ താരങ്ങൾ അടക്കം അണിനിരക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ വിരാട് കോഹ്ലിയിലേക്ക് തന്നെയാണ്.

നിലവിൽ മികച്ച ഫോമിൽ തന്നെയാണ് ഇന്ത്യൻ പിച്ചുകളിൽ കോഹ്ലി കളിക്കുന്നത്. ഈ സാഹചര്യത്തിൽ കോഹ്ലിയെ എങ്ങനെയെങ്കിലും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് എത്തുക. കോഹ്ലിയെ പുറത്താക്കാനായി ഇംഗ്ലണ്ട് ടീമിന് നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ.

കോഹ്ലിയെ സ്ലെഡ്ജ് ചെയ്ത് അവന്റെ ഈഗോ ഉണർത്തിയാൽ വിക്കറ്റ് നേടാൻ സാധിക്കുമെന്ന് പനേസർ തന്റെ ബോളർമാർക്ക് ഉപദേശിക്കുന്നു. സാധാരണയായി തന്നെ സ്ലെഡ്ജ് ചെയ്യുന്നവരെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും കോഹ്ലി തയ്യാറാകാറില്ല.

അതിനാൽ തന്നെ കോഹ്ലിയ്ക്കെതിരെ ഇത്തരം തന്ത്രങ്ങൾ ആരും ഉപയോഗിക്കാറുമില്ല. പക്ഷേ ഇംഗ്ലണ്ട് താരങ്ങൾക്ക് ഇങ്ങനെയൊരു തന്ത്രം ഉപയോഗിക്കാൻ സാധിക്കുമെന്നും അതിലൂടെ കോഹ്ലിയെ വീഴ്ത്താൻ സാധിക്കുമെന്നുമാണ് പനേസർ കരുതുന്നത്. കോഹ്ലിയുടെ വൈകാരികതയെ തളയ്ക്കാൻ ഇതിലും മികച്ച ഒരു മാർഗ്ഗമില്ല എന്ന് പനേസർ കരുതുന്നു.

“അവന്റെ വൈകാരികതയെ തളക്കുകയാണെങ്കിൽ വിരാട് കോഹ്ലിയെ പൂട്ടാൻ നമുക്ക് സാധിക്കും. കോഹ്ലിയെ പരമാവധി സ്ലെഡ്ജ് ചെയ്ത് അവന്റെ ഈഗോ ഉണർത്താൻ ഇംഗ്ലണ്ട് ബോളർമാർക്ക് സാധിക്കണം. മാത്രമല്ല ഇംഗ്ലണ്ട് താരങ്ങളെ ഇന്ത്യൻ താരങ്ങളും സ്ലെഡ്ജ് ചെയ്യാൻ മടികാട്ടില്ല. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും ഇംഗ്ലണ്ടിന് നേടിത്തന്ന താരമാണ് ബെൻ സ്റ്റോക്സ്. എന്നാൽ കോഹ്ലിക്ക് അതിന് സാധിച്ചിട്ടില്ല

Read Also -  "ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും". ബ്രയാൻ ലാറ പറയുന്നു.

ഇത്തരം കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് തന്നെ സ്ലെഡ്ജ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെയുള്ള സ്ലെഡ്ജിങ് കോഹ്ലിക്ക് മാനസിക പരമായി ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കും. അത് ജെയിംസ് ആൻഡേഴ്‌സനെ പോലെ ഒരു ബോളറെ വെച്ച് മുതലാക്കാൻ ഇംഗ്ലണ്ട് ശ്രമിക്കണം. റിവേഴ്സ് സിംഗ് ചെയ്തു വരുന്ന പന്തുകൾ കോഹ്ലിയെ ഈ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടിച്ചേക്കും.”- പനേസർ പറയുന്നു.

എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരെ വളരെ മികച്ച റെക്കോർഡുകളാണ് കോഹ്ലിയ്ക്കുള്ളത്. 28 മത്സരങ്ങൾ ഇംഗ്ലണ്ടിനെതിരെ കളിച്ച കോഹ്ലി ഇതിനോടകം തന്നെ 1991 റൺസ് സ്വന്തമാക്കി കഴിഞ്ഞു. 5 സെഞ്ച്വറികളും ഒരു ഡബിൾ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരെ കോഹ്ലി നേടിയിട്ടുണ്ട്.

ഇന്ത്യൻ പിച്ചുകളിൽ 13 മത്സരങ്ങളിൽ നിന്ന് 1095 റൺസാണ് കോഹ്ലി ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയത്. 56 റൺസാണ് ഇന്ത്യൻ പിച്ചുകളിലെ കോഹ്ലിയുടെ ശരാശരി. എന്തായാലും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കോഹ്ലി വലിയ സാന്നിധ്യമാകും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top