കോഹ്ലി ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റർ. സച്ചിനുമായി താരതമ്യം ചെയ്ത് ശുഐബ് അക്തർ.

virat kohli bowling

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്ക് പ്രശംസകളുമായി മുൻ പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ. ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോഹ്ലി എന്ന് അക്തർ പറയുകയുണ്ടായി. ജനുവരി 25ന് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ആരംഭിക്കാനിരിക്കവെയാണ് അക്തറിന്റെ ഈ പരാമർശം.

വിരാട് കോഹ്ലിയെ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്താണ് അക്തർ സംസാരിച്ചത്. രണ്ടുപേരും രണ്ടു യുഗങ്ങളിലാണ് കളിച്ചിരുന്നതെങ്കിലും, ഇരുവരുടെയും മികവ് എടുത്തു പറയേണ്ടതാണ് എന്ന് അക്തർ ചൂണ്ടിക്കാട്ടുന്നു. കോഹ്ലി ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കുമെന്ന് താൻ കരുതുന്നുണ്ട് എന്നാണ് അക്തർ പറഞ്ഞു വെക്കുന്നത്.

“സച്ചിന്റെ സമയത്ത് ക്രിക്കറ്റ് മത്സരം, കേവലം ഒരു ബോൾ മാത്രം ഉപയോഗിച്ചാണ് കളിച്ചിരുന്നത്. ആ സമയത്ത് ആ പന്ത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാർക്ക് എതിരെ റിവേഴ്സ് സിംഗ് ചെയ്യുമായിരുന്നു. മാത്രമല്ല അന്ന് 30 വാര സർക്കിൾ ഉണ്ടായിരുന്നില്ല. ആകെ ഒരു സർക്കിൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നായിരുന്നുവെങ്കിൽ സച്ചിൻ ഒരുപക്ഷേ ഒരുപാട് റൺസ് സ്വന്തമാക്കിയേനെ.”

“അന്ന് റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച കളിക്കാരനായി സച്ചിൻ മാറിയിരുന്നു. മാത്രമല്ല വസീം അക്രം, ഷെയ്ൻ വോൺ തുടങ്ങിയ ബോളർമാർക്കെതിരെയും മികവ് പുലർത്തി. ഈ യുഗത്തിൽ വിരാട് കോഹ്ലിയാണ് അത്ര മത്സരബുദ്ധിയോടെ കളിച്ചു കണ്ടിട്ടുള്ളത്.”- അക്തർ പറയുന്നു.

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

“വിരാട് തന്റെ കരിയറിൽ ഒരുപാട് പ്രയാസ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാൽ കൃത്യമായി റൺസ് കണ്ടെത്താൻ വിരാട്ടിന് സാധിച്ചിട്ടുമുണ്ട്. ഇപ്പോഴും വിരാട് റൺസ് കണ്ടെത്തുന്നു. സച്ചിൻ നേരിട്ട പോലെയുള്ള പ്രതിസന്ധികൾ കോഹ്ലിയും ഇതിനോടകം നേരിട്ടു കഴിഞ്ഞു. എന്നിരുന്നാലും അന്ന് വസീം അക്രത്തിനെതിരെ പോരാടുക എന്നത് അത്ര അനായാസമായിരുന്നില്ല. പക്ഷേ വിരാട് കോഹ്ലി വിരാട് കോഹ്ലി തന്നെയാണ്.”

”ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് കോഹ്ലി. സച്ചിന്റെ യുഗവും കോഹ്ലിയുടെ യുഗവുമായി ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നിരുന്നാലും കോഹ്ലിയെ ഞാൻ അംഗീകരിക്കുകയാണ്. തന്റെ കരിയറിൽ 100 സെഞ്ച്വറികൾ കോഹ്ലിക്ക് സ്വന്തമാക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- അക്തർ കൂട്ടിച്ചേർത്തു.

ഇതുവരെ തന്റെ അന്താരാഷ്ട്ര കരിയറിൽ 522 മത്സരങ്ങളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ 54.11 എന്ന ശരാശരിയിൽ 26,733 റൺസ് സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. 80 സെഞ്ച്വറികളും 139 അർദ്ധ സെഞ്ച്വറികളുമാണ് വിരാട് കോഹ്ലിയുടെ അന്താരാഷ്ട്ര കരിയറിൽ ഉൾപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള ഏകതാരവും വിരാട് കോഹ്ലി തന്നെയാണ്. വരും മത്സരങ്ങളിലും കോഹ്ലി വമ്പൻ പ്രകടനങ്ങളുമായി കളം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top