ഇന്നലെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. മത്സരത്തിൽ ഏഴു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ച്വറിയുടെയും (113) ഇഷാൻ കിഷന്റെ അർദ്ധ സെഞ്ച്വറിയുടെയും (93) പിൻബലത്തിലാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മലയാളി താരം സഞ്ജു പുറത്താകാതെ 30 റൺസ് എടുത്ത് തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ബാക്കി നിൽക്കയാണ് ഇന്ത്യ മറികടന്നത്. മത്സരത്തിലെ പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകളും ഇന്ത്യ സ്വന്തമാക്കി. ആദ്യമത്സരത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് ഇരയായ ഇഷാൻ കിഷൻ വെടിക്കെട്ട് പ്രകടനമാണ് തന്റെ ഹോം ഗ്രൗണ്ടിൽ പുറത്തെടുത്തത്.
84 പന്തുകളിൽ നിന്ന് നാല് ഫോറുകളും ഏഴ് സിക്സറുകളും അടക്കമാണ് 93 റൺസ് നേടിയത്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യക്കുവേണ്ടി ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡ് താരം സ്വന്തമാക്കി.ഈ റെക്കോർഡിൻ്റെ തലപ്പത്ത് ഋഷബ് പന്ത് ആണ്.
റാഞ്ചിയിൽ മറ്റൊരു റെക്കോർഡും കൂടെ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. റൺസ് പിന്തുടർന്ന് നേടുന്ന മുന്നൂറാമത്തെ വിജയം എന്ന വമ്പൻ റെക്കോർഡ് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ സ്വന്തമാക്കിയത്. ഏകദിനത്തിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ 257 വിജയവും മൂന്നാംസ്ഥാനത്തുള്ള 247 വിജയവുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്നും പുറത്തായെങ്കിലും ഏകദിനത്തിൽ മികച്ച ഫോമിലാണ് ശ്രേയസ് അയ്യർ.
അവസാനം കളിച്ച ആറ് ഏകദിന മത്സരങ്ങളിൽ 50 നു മുകളിൽ സ്കോർ നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതിൽ ഇന്നലെ റാഞ്ചിയിൽ ദക്ഷിണാഫ്രിക്കെതിരെ നേടിയ സെഞ്ച്വറിയും ഉൾപ്പെടുന്നു.
ഈ വർഷം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ താരവും ശ്രേയസ് അയ്യരാണ്. 5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ് താരം ഈ വർഷം നേടിയിട്ടുള്ളത്. 20-20യിലും ഏകദിനത്തിലുമായി 4 മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം താരം സ്വന്തമാക്കിയപ്പോൾ മറ്റൊന്ന് ടെസ്റ്റിലായിരുന്നു. നാല് പുരസ്കാരങളോടെ സൂര്യകുമാർ യാദവാണ് ശ്രേയസ് അയ്യരുടെ പിന്നിലുള്ളത്. റാഞ്ചിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യക്കാരിൽ വിരാട് കോഹ്ലിയുടെ ഒപ്പം എത്താനും ശ്രേയസ് അയ്യരിനായി. റാഞ്ചിയിൽ രണ്ട് തവണയാണ് മുൻ ഇന്ത്യൻ നായകൻ സെഞ്ചുറി നേടിയിട്ടുള്ളത്.