ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അത്യുഗ്രൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ അത്ഭുതകരമായി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 2 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച രവിചന്ദ്രൻ അശ്വിനെയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത്.
ഇത് പതിനൊന്നാം തവണയാണ് രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ പരമ്പരയിലെ താരമായി മാറുന്നത്. ഇതോടെ ഒരു തകർപ്പൻ റെക്കോർഡാണ് അശ്വിൻ സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പ്ലയർ ഓഫ് ദി സീരീസ് അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരം എന്ന റെക്കോർഡിൽ ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യാ മുരളീധരനൊപ്പം ഒന്നാം സ്ഥാനത്തെത്താൻ രവിചന്ദ്രൻ അശ്വിന് സാധിച്ചിട്ടുണ്ട്.
കേവലം 43 ടെസ്റ്റ് പരമ്പരകളിൽ നിന്നാണ് രവിചന്ദ്രൻ അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം 61 ടെസ്റ്റ് പരമ്പരകളിൽ നിന്നായിരുന്നു മുത്തയ്യ മുരളീധരൻ 11 തവണ പ്ലെയർ ഓഫ് ദി സീരീസ് ആയി മാറിയത്. 61 ടെസ്റ്റ് പരമ്പരകളിൽ 9 തവണ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്സ് കാലിസാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 28 ടെസ്റ്റ് പരമ്പരകളിൽ നിന്ന് 8 തവണ പ്ലയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കിയ ഇമ്രാൻ ഖാൻ ലിസ്റ്റിൽ നാലാം സ്ഥാനത്ത് തുടരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 33 പരമ്പരകളിൽ 8 പ്ലയർ ഓഫ് ദി സീരീസ് അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള റിച്ചാർഡ് ഹാർഡ്‌ലിയാണ് ലിസ്റ്റിൽ അഞ്ചാമൻ. ഇതിഹാസ സ്പിന്നറായ ഷെയിൻ വോൺ 46 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8 തവണ പ്ലെയർ ഓഫ് ദി സീരീസായി മാറിയിട്ടുണ്ട്.
തനിക്ക് മത്സരത്തിലൂടെ ലഭിച്ച നാഴികക്കലിനെ പറ്റി മത്സരശേഷം അശ്വിൻ സംസാരിക്കുകയുണ്ടായി. താൻ ഒരുകാരണവശാലും നാഴികക്കല്ലിനെ പറ്റി ചിന്തിക്കുന്ന താരമല്ല എന്നാണ് അശ്വിൻ പറഞ്ഞത്. കൃത്യമായ സമയത്ത് എന്താണ് മത്സരത്തിൽ ആവശ്യം എന്നതിനെപ്പറ്റിയാണ് താൻ ചിന്തിക്കാറുള്ളത് എന്ന് അശ്വിൻ കൂട്ടിച്ചേർത്തു.
ഭാവിയിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, അതിലേക്ക് താൻ ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു അശ്വിന്റെ മറുപടി. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇന്ത്യയ്ക്കായി അശ്വിനും ബൂമ്രയും 11 വിക്കറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഒരു മാച്ച് വിന്നിങ് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ അശ്വിന് സാധിച്ചിരുന്നു.
ഈ കാരണം കൊണ്ടാണ് അശ്വിന് പ്ലയർ ഓഫ് ദി സീരീസ് അവാർഡ് ലഭിച്ചത്. വരും മത്സരങ്ങളിലും അശ്വിൻ ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.