ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ രവീന്ദ്ര ജഡേജയും സംഘവും ആഗ്രഹിക്കുന്നില്ല. സീസണിലെ രണ്ട് കളികളിൽ തോറ്റ ചെന്നൈ ടീമിന് പോയിന്റ് ടേബിളിൽ മുന്നോട്ട് പോകാന്‍ ജയം അനിവാര്യമാണ്. അതേസമയം ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ ടോസ് ഭാഗ്യം ചെന്നൈക്ക് ഒപ്പം നിന്നപ്പോൾ ക്യാപ്റ്റൻ ജഡേജ ആദ്യം ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെ ഓവറിൽ തന്നെ പഞ്ചാബിന് നായകൻ മായങ്ക് അഗർവാൾ വിക്കെറ്റ് നഷ്ടമായെങ്കിലും പിന്നീട് നാലാമത്തെ നമ്പറിൽ എത്തിയ ലിവിങ്സ്റ്റൺ ഐപിൽ സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്നത് അവർക്ക് ആശ്വാസമായി.
വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ താരം ഒരുവേള പഞ്ചാബ് ടോട്ടൽ 200 കടത്തുമെന്ന് തോന്നിച്ചെങ്കിലും ലിവിങ്സ്റ്റൻ വിക്കെറ്റ് വീഴ്ത്തി ജഡേജ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചിരുന്നു. ജഡേജയുടെ ബോളിൽ റായിഡു ക്യാച്ച് എടുത്താണ് ലിവിങ്സ്റ്റൺ പുറത്തായത്. വെറും 32 ബോളിൽ നിന്നും 5 ഫോറും 5 സിക്സും അടക്കം 60 റൺസാണ് താരം നേടിയത്. നേരത്തെ ജഡേജയുടെ തന്നെ ഓവറിൽ അമ്പാടി റായിഡു ലിവിങ്സ്റ്റണിന്‍റെ ക്യാച്ച് ഡ്രോപ്പാക്കിയിരുന്നു. ഒരു സിമ്പിൾ അവസരം അമ്പാടി റായിഡു നഷ്ടമാക്കിയത് ചെന്നൈ താരങ്ങൾക്ക് പോലും വിശ്വസിക്കാനായില്ല.
ലിവിങ്സ്റ്റൺ സ്കോർ 45 നിൽക്കെയാണ് റായിഡു ക്യാച്ച് നഷ്ടമാക്കിയത്. എന്നാൽ ഇതിനുള്ള മധുര പ്രതികാരം സമ്മാനിക്കാൻ ജഡേജയുടെ ഓവറിൽ തന്നെ റായിഡുവിന് കഴിഞ്ഞത് മനോഹരമായ കാഴ്ചയായി മാറി. ക്യാച്ച് നേടിയ ശേഷം റായിഡുവിന്‍റെ മുഖത്ത് സന്തോഷവും ഒപ്പം ചിരിയും എത്തിയത് ഇത് വിശദമാക്കി.