ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യമത്സരം. സൺറൈസേഴ്സ് ഹൈദരാബാദ്നെതിരെ മികച്ച വിജയത്തോടെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ഇത്തവണത്തെ ഐപിഎല്ലിന് തുടക്കം കുറിച്ചു.
ക്യാപ്റ്റനായ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്നലെ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി.
രവി ശാസ്ത്രിയുടെ വാക്കുകളിലൂടെ..
“ഒരിക്കൽ കൂടി സഞ്ജു സാംസൺ മനോഹരമായി ബാറ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിൻറെ ഷോട്ട് സെലക്ഷൻ വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. പന്ത് തിരിയുന്നില്ല എന്ന് മനസ്സിലാക്കിയാണ് കളിക്കുന്നത്. സ്ട്രൈറ്റ് ബൗണ്ടറി ആണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. ലോകത്തെ എത്ര വലിയ ബൗണ്ടറികൾ ഉള്ള സ്റ്റേഡിയം ആയാലും അത് കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്.പുണെയിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അദ്ദേഹം ഇതേ വേദിയിൽ ഐപിഎല്ലിൽ സെഞ്ചുറി നേടിയിട്ടുണ്ട്.
ഇന്നും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ശേഷിക്കുന്ന അഞ്ച് ഓവർ കൂടി സഞ്ജു ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ രാജസ്ഥാന് കുറഞ്ഞത് 230 റൺസ് എങ്കിലും നേടാമായിരുന്നു.”-രവി ശാസ്ത്രി പറഞ്ഞു.
ഇന്നലെ രാജസ്ഥാന് വേണ്ടി കളത്തിൽ ഇറങ്ങിയതോടെ, സഞ്ജു ഐപിഎല്ലിൽ രാജസ്ഥാനുവേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കി എന്ന പ്രത്യേകതയും ഇന്നലത്തെ കളിക്കുണ്ട്. ബാറ്റിംഗ് വെടിക്കെട്ട് തീർത്ത സഞ്ജു തന്നെയാണ് ടീം ടോപ് സ്കോർ. ഇന്നലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തതും താരത്തെ തന്നെ. 27 പന്തുകളിൽ നിന്ന് മൂന്നു ഫോറും അഞ്ച് സിക്സും അടക്കം 55 റൺസാണ് സഞ്ജു നേടിയത്.