ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച രാജസ്ഥാൻ റോയൽസ് ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ തോൽവി വഴങ്ങിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് രവിശാസ്ത്രി.
“അശ്വിൻ്റെ നോ ബോൾ ദിനേശ് കാർത്തിക്കിനെ താളം കണ്ടെത്താൻ സഹായിച്ചു. അവനൊരു ഫ്രീ ഹിറ്റ് കിട്ടി. ഫ്രീ ഹിറ്റ് അല്ലായിരുന്നുവെങ്കിൽ ആ ഷോട്ട് കളിക്കണമോ വേണ്ടയോ എന്ന് അവൻ രണ്ടുതവണ ചിന്തിച്ചേനെ. എന്നാൽ ഫ്രീഹിറ്റ് കിട്ടിയാൽ ഒന്നും ചിന്തിക്കാതെ ബൗണ്ടറിയ്ക്കായി ശ്രമിക്കാം. ആ ഓവറിൽ 21 റൺസാണ് വഴങ്ങിയത്, ഒരു ഫീൽഡിങ് സൈഡ് എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്.
അടുത്ത ഓവർ ടീമിലെ മികച്ച ബൗളർക്ക് തന്നെ നൽകണം, ചഹാൽ ആ ഓവർ എറിയുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ സൈനിയെ പോലെ എക്സ്പീരിയൻസ് ഇല്ലാത്ത ബൗളർക്ക് ഓവർ നൽകി. അവരുടെ ബൗളർമാരിൽ ഒട്ടും പരിചയസമ്പത്ത് ഇല്ലാത്ത ബൗളർ സൈനിയാണ്. അവൻ ആ ഓവറിൽ 17 റൺസ് വഴങ്ങി മത്സരം കൈവിടുകയും ചെയ്തു. ” രവി ശാസ്ത്രി പറഞ്ഞു.
സഞ്ജു ദിനേഷ് കാർത്തിക്കിനെതിരായ ഫീൽഡിംഗ് സെറ്റിംഗ് ചെയ്തതിനെ കുറിച്ചാണ് സുനിൽ ഗവാസ്കർ വിമർശിച്ചത്…”ഉത്തരം നൽകേണ്ടത് സഞ്ജു സാംസൺ ആണ്. ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ഓൺ സൈഡിൽ ഡീപിൽ ഫീൽഡർമാർ ഇല്ലാത്തത് ദിനേശ് കാർത്തിക്കിനെ പോലെയൊരു താരത്തിന് എളുപ്പമാണ്. ”- ഗവാസ്കർ പറഞ്ഞു.