ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ഇതിനു പിന്നാലെ കോഹ്ലി ഇനി തകർക്കാൻ പോകുന്ന റെക്കോർഡിനെ പറ്റി വലിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രീ. സച്ചിന്റെ കരിയറിലെ 100 സെഞ്ചുറികൾ എന്ന റെക്കോർഡും കോഹ്ലി ഇനി മറികടക്കും എന്നാണ് രവി ശാസ്ത്രി പറയുന്നത്. സമീപ സമയങ്ങളിൽ വിരാട് കോഹ്ലി മൈതാനത്ത് പുറത്തെടുക്കുന്ന ഫോമും അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും വിലയിരുത്തിയാണ് രവി ശാസ്ത്രി ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ലോക ക്രിക്കറ്റിൽ തന്റെ കരിയറിൽ 100 സെഞ്ചുറികൾ നേടിയിട്ടുള്ള ഒരേയൊരു ബാറ്റർ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. സച്ചിനെ മറികടക്കാൻ കോഹ്ലിയ്ക്ക് സാധിക്കുമെന്നാണ് രവി ശാസ്ത്രി പറയുന്നത്. “സച്ചിൻ അന്ന് 100 സെഞ്ചുറികൾ സ്വന്തമാക്കിയപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് മറ്റാരെങ്കിലും എത്തുമെന്ന് പോലും ആരും കരുതിയിരുന്നില്ല.”
” ഇപ്പോൾ കോഹ്ലി 80 സെഞ്ച്വറികൾ പൂർത്തിയാക്കിയിരിക്കുന്നു. 80 അന്താരാഷ്ട്ര സെഞ്ച്വറികൾ. ഇതിൽ 50 സെഞ്ച്വറികളും പിറന്നത് ഏകദിന മത്സരങ്ങളിലാണ്. അത് അയാൾക്ക് ആ ഫോർമാറ്റിൽ റെക്കോർഡ് സമ്മാനിച്ചിട്ടുണ്ട്.”- രവി ശാസ്ത്രി പറയുന്നു.
“ഇത്തരം കളിക്കാർക്ക് ഒന്നും തന്നെ അപ്രായോഗികമല്ല. അവർ സെഞ്ച്വറി നേടാൻ തുടങ്ങിയാൽ വളരെ പെട്ടെന്ന് തന്നെ തുടർച്ചയായി സെഞ്ച്വറികൾ നേടിക്കൊണ്ടിരിക്കും. അടുത്ത 10 ഇന്നിങ്സുസുകളിൽ നിന്ന് കോഹ്ലിക്ക് 5 സെഞ്ച്വറികളെങ്കിലും നേടാൻ സാധിക്കും എന്നാണ് കരുതുന്നത്. മാത്രമല്ല മത്സരത്തിന്റെ 3 ഫോർമാറ്റുകളിലും കോഹ്ലി കളിക്കുന്നുണ്ട്. നിലവിൽ ഇനിയും 3-4 വർഷങ്ങൾ കോഹ്ലിക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ സച്ചിന്റെ റെക്കോർഡ് അനായാസം തകർത്തെറിയാൻ കോഹ്ലിക്ക് സാധിക്കും.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
“ഈ ലോകകപ്പിൽ വളരെ മികച്ച ശാരീരികഭാഷയും ശാന്തതയും കൈമുതലാക്കിയാണ് വിരാട് കോഹ്ലി മുൻപോട്ട് പോകുന്നത്. കോഹ്ലിയെ ഞാൻ മുൻപുള്ള ലോകകപ്പുകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര അനായാസം കളിക്കുന്നത് ആദ്യമായി കാണുകയാണ്. മത്സരത്തിൽ തന്റേതായ സാന്നിധ്യം കോഹ്ലി എല്ലായിപ്പോഴും ഉണ്ടാക്കുന്നുണ്ട്.”
”ക്രീസിൽ എത്തിയാൽ കുറച്ച് സമയമെടുത്ത്, സമ്മർദ്ദം തന്നിലേക്ക് ആവാഹിച്ച്, ക്രീസിലുറച്ച്, തന്റെ റോൾ മനസ്സിലാക്കി ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യാൻ കോഹ്ലിക്ക് സാധിക്കുന്നു. കോഹ്ലി ഒരു മനോഹരമായ ക്രിക്കറ്റർ തന്നെയാണ്.”- ശാസ്ത്രി പറഞ്ഞു വയ്ക്കുന്നു. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുന്നത്.