ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ മാസ്മരിക ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന ക്രിക്കറ്ററാണ് രാജസ്ഥാൻ ഓപ്പണർ ജയിസ്വാൾ. ഐപിഎല്ലിൽ ഇതുവരെയുള്ള മത്സരങ്ങളിൽ രാജസ്ഥാനായി ജയിസ്വാൾ അടിച്ചുതൂക്കുന്നതാണ് കണ്ടത്. മുംബൈക്കെതിരെ ഈ സീസണിൽ സെഞ്ച്വറി നേടിയ ജെയിസ്വാൾ കൊൽക്കത്തക്കെതിരായ മത്സരത്തിൽ 47 പന്തുകളിൽ 98 റൺസായിരുന്നു നേടിയത്. മത്സരത്തിൽ രാജസ്ഥാന് 9 വിക്കറ്റുകളുടെ തകർപ്പൻ വിജയം സമ്മാനിക്കാൻ ജയിസ്വാളിന് സാധിച്ചു. ഈ സാഹചര്യത്തിൽ ജയിസ്വാളിന്റെ ഇന്ത്യൻ ടീമിലെ ഭാവിയെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ജയസ്വാളിന് ഉടൻതന്നെ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തും എന്നാണ് രവി ശാസ്ത്രി പറയുന്നത്.
നിലവിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ജയിസ്വാൾ നിൽക്കുന്നത്. ജയിസ്വാളിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും രവിശാസ്ത്രി പറയുകയുണ്ടായി. “ജെയിസ്വാൾ തന്റെ പ്രകടനം കൊണ്ട്, തന്നെ നോക്കിക്കാണുന്നവരെ ഒക്കെയും അത്ഭുതപ്പെടുത്തുകയാണ്. ഓഫ് സൈഡിൽ ജയിസ്വാൾ കളിക്കുന്ന ചില ഷോട്ടുകൾ എനിക്കിപ്പോഴും അത്ഭുതമാണ്. വളരെയധികം കഠിനപ്രയത്നത്തിലൂടെ വളർന്നുവന്ന ഒരു ക്രിക്കറ്ററാണ് ജയിസ്വാൾ.”- രവി ശാസ്ത്രി പറഞ്ഞു.
“എന്തായാലും ഇന്ത്യയുടെ സെലക്ടർമാർ ജെയിസ്വാളിന്റെ ഈ പ്രകടനത്തിൽ വളരെ സന്തോഷവാന്മാരായിരിക്കും. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്ത്യൻ സെലക്ടർമാരുടെ മുൻപിലേക്ക് ഇത്രയും മികച്ച ഒരു പ്രതിഭ എത്തിച്ചേരുന്നത്. നിലവിലെ ജയിസ്വാളിന്റെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അവന് എല്ലാ ഫോർമാറ്റിലും ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കും. പ്രത്യേകിച്ച് നിശ്ചിത ഓവർ ക്രിക്കറ്റിൽ. വരും ദിവസങ്ങളിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ ആദ്യം ഉയർന്നുനിൽക്കുന്ന പേര് ജയിസ്വാളിന്റെ ആയിരിക്കും.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.
ഇതുവരെ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 12 ഇന്നിംഗ്സുകളിലാണ് ജയിസ്വാൾ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 52.27 ശരാശരിയിൽ 575 റൺസ് നേടാൻ ജയിസ്വാളിന് സാധിച്ചിട്ടുണ്ട്. ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ ബാംഗ്ലൂരിന്റെ നായകൻ ഡ്യൂപ്ലസി മാത്രമാണ് ജെയിസ്വാളിന് മുൻപിലുള്ളത്. ഈ പ്രകടനം ആവർത്തിക്കുകയാണെങ്കിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓറഞ്ച് ക്യാപ്പ് ജയിസ്വാൾ സ്വന്തമാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.