ഗുജറാത്തിന് കൂച്ചുവിലങ്ങിട്ട് മുംബൈ. സൂര്യ പവറിൽ പപ്പടമാക്കിയത് 27 റൺസിന്.

ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസിന്റെ ജൈത്രയാത്ര. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ബാറ്റിങ്ങിനും ബോളിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു മുംബൈയുടെ വിജയം. ബാറ്റിംഗിൽ മുംബൈക്കായി സൂര്യകുമാർ യാദവ് നിറഞ്ഞാടിയപ്പോൾ, ബോളിങ്ങിൽ സ്പിന്നർമാർ മികവു കാട്ടുകയായിരുന്നു. എന്തായാലും വലിയ ആശ്വാസം തന്നെയാണ് മുംബൈയ്ക്ക് ഈ വിജയം നൽകിയിരിക്കുന്നത്. പരാജയമറിഞ്ഞെങ്കിലും പോയിന്റ്സ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തന്നെയാണ് ഗുജറാത്ത് ഇപ്പോഴും നിലനിൽക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡേ പിച്ചിൽ ആദ്യ ഓവറുകളിൽ തന്നെ മുംബൈയുടെ ഓപ്പണർമാർ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. രോഹിത് ശർമയും ഇഷാനും ഗുജറാത്ത് ബോളർമാരെ പവർപ്ലെ ഓവറുകളിൽ തലങ്ങും വിലങ്ങും പ്രഹരിച്ചു. രോഹിത് മത്സരത്തിൽ 18 പന്തുകളിൽ 29 റൺസ് നേടിയപ്പോൾ, ഇഷാൻ 20 പന്തുകളിൽ 31 റൺസാണ് നേടിയത്. എന്നാൽ ചെറിയ ഇടവേളകളിൽ മുംബൈയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായതോടെ ഗുജറാത്ത് മത്സരത്തിലേക്ക് തിരികെയെത്തി.

20230512 204550

എന്നാൽ പിന്നീട് വിഷ്ണു വിനോദു സൂര്യകുമാർ യാദവും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് മുംബൈക്കായി സൃഷ്ടിക്കുകയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി തന്നെയാണ് നേടിയത്. 49 പന്തുകളിലായിരുന്നു സൂര്യകുമാറിന്റെ സെഞ്ച്വറി. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 6 സിക്ക്സറുകളും ഉൾപ്പെട്ടു. വിഷ്ണു വിനോദ് മത്സരത്തിൽ 20 പന്തുകളിൽ 30 റൺസ് നേടി. അങ്ങനെ മുംബൈ നിശ്ചിത 20 ഓവറുകളിൽ 218 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഇത്രയും വലിയ സ്കോർ ഗുജറാത്തിന് വലിയ പ്രശ്നമുണ്ടാക്കി. ആദ്യ ഓവറുകളിൽ തന്നെ അവരുടെ പ്രധാന ബാറ്റർമാരെ ഗുജറാത്ത് നഷ്ടമായി. വൃദ്ധിമാൻ സാഹയും(2) ശുഭ്മാൻ ഗില്ലും(6) ഹർദിക്ക് പാണ്ട്യയും(4) തുടക്കത്തിൽ തന്നെ കൂടാരം കയറിയതോടെ ഗുജറാത്ത് വിയർക്കാൻ തുടങ്ങി. നാലാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ 14 പന്തുകളിൽ 29 റൺസ് നേടിയെങ്കിലും, പിയൂഷ് ചൗളയുടെ പന്തിൽ പുറത്താവുകയായിരുന്നു. ശേഷമെത്തിയ അഭിനവ് മനോഹറും(2) സ്പിന്നിന് മുമ്പിൽ പതറിയപ്പോൾ ഗുജറാത്ത് മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങി.

എന്നിരുന്നാലും മധ്യ ഓവറുകളിൽ 26 പന്തുകളിൽ 41 റൺസെടുത്ത മില്ലർ ഗുജറാത്തിനായി പൊരുതുകയുണ്ടായി. പക്ഷേ വിജയലക്ഷ്യം ഒരുപാട് അകലെയായിരുന്നതിനാൽ തന്നെ മില്ലർക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഒപ്പം മധ്യ ഓവറുകളിൽ മുംബൈയുടെ സ്പിന്നർമാർ മികവു കാട്ടിയതോടെ ഗുജറാത്ത് പൂർണ്ണമായും അടിയറവ് പറയുകയായിരുന്നു. എന്നിരുന്നാലും റാഷിദ് ഖാൻ മത്സരത്തിന്റെ അവസാന നിമിഷം 32 പന്തുകളിൽ 79 റൺസ് നേടി ഗുജറാത്തിന്റെ തോൽവിഭാരം കുറച്ചു. മത്സരത്തിൽ 27 റൺസിന്റെ പടുകൂറ്റൻ വിജയമാണ് മുംബൈ നേടിയത്. മാത്രമല്ല പോയ്ന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താനും മുംബൈയ്ക്ക് ഈ വിജയത്തോടെ സാധിച്ചിട്ടുണ്ട്.