വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന – ടെസ്റ്റ് ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ പര്യടനത്തിലെ ഏകദിന പരമ്പരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനുശേഷം വാർത്തകളിലും മറ്റും സജീവമായി തുടരുകയാണ് സഞ്ജുവിന്റെ പേര്. ഇപ്പോൾ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലനം രവി ശാസ്ത്രി. ഇന്ത്യയുടെ നായകൻ രോഹിത് ശർമയോടാണ് രവി ശാസ്ത്രി സഞ്ജു സാംസണെ താരതമ്യം ചെയ്യുന്നത്. സഞ്ജു സാംസൺ മികച്ച പ്രതിഭയുള്ള കളിക്കാരനാണ് എന്ന് രവി ശാസ്ത്രി സമ്മതിക്കുന്നു.
“വിൻഡിസിനെതിരായ പര്യടനത്തിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ടീമിലുണ്ട്. സഞ്ജു ഇപ്പോഴും തന്റെ കഴിവുകൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. സഞ്ജു ഒരു മാച്ച് വിന്നർ തന്നെയാണ്. മികച്ച ഒരു താരമായി തന്നെ സഞ്ജുവിന് കരിയർ അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് സാധിക്കാത്ത പക്ഷം വളരെ വലിയ നിരാശയാകും ഫലം. രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി മികച്ച രീതിയിൽ കളിക്കാതിരുന്ന സമയത്ത് എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. അതേ വിഷമം തന്നെയാണ് മികച്ച രീതിയിൽ സഞ്ജു കളിച്ചില്ലെങ്കിൽ എനിക്ക് ഉണ്ടാവുന്നത്. കാരണം രോഹിത് അത്രയും മികച്ച ഓപ്പണറായിരുന്നു. ഇതുതന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും എനിക്ക് തോന്നിയിട്ടുള്ളത്.”- രവി ശാസ്ത്രി പറഞ്ഞു.
പന്തിനും രാഹുലിനും പരിക്ക് പറ്റിയ സാഹചര്യത്തിൽ സഞ്ജുവിന് സുവർണാവസരം തന്നെയാണ് വന്നിരിക്കുന്നത്. വിൻഡിസിനെതിരായ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ സഞ്ജുവിന് ഇന്ത്യയുടെ ഏകദിന ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ ഇന്ത്യയുടെ 2023ലെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലും സഞ്ജു സാംസന് കളിക്കാൻ സാധിച്ചേക്കും. കഴിഞ്ഞ സമയങ്ങളിൽ മതിയായ അവസരങ്ങൾ സഞ്ജുവിന് ഇന്ത്യൻ ടീമിൽ ലഭിച്ചിരുന്നില്ല. എന്നാൽ ഇതിന് വിൻഡിസ് പര്യടനത്തോടെ അറുതി വരും എന്നാണ് കരുതുന്നത്.
2021 ജൂലൈയിലായിരുന്നു ശ്രീലങ്കയ്ക്കെതിരെ സഞ്ജു തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 11 ഏകദിനങ്ങളാണ് സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 66 റൺസ് ശരാശരിയിൽ 330 റൺസും സഞ്ജു നേടിയിട്ടുണ്ട്. എന്നിരുന്നാലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ പലപ്പോഴും സഞ്ജു ടീമിന് വെളിയിൽ പോവുകയുണ്ടായി. മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ നിർഭാഗ്യവും സഞ്ജുവിനെ വലച്ചിരുന്നു.