ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസ്സിക്ക് കീഴിൽ മികച്ച പ്രകടനം നടത്താൻ ടീമിന് ആകുന്നുണ്ട്. ഇപ്പോഴിതാ ടീമിന്‍റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി.
ഐപിഎല്ലിൽ ഇത്തവണ കമൻ്ററി പാനലിൽ അദ്ദേഹം ഉണ്ട്. പുതിയ രണ്ടു ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. എന്നാൽ അഞ്ചു വർഷം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൻ്റെയും നാലുവർഷം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും ഈ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
കളിച്ച ആറു മത്സരങ്ങളിൽ ഒരു വിജയം നേടാൻ പോലും മുംബൈയ്ക്ക് ആയിട്ടില്ല. ചെന്നൈ ആകട്ടെ കളിച്ച അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.
“ഈ സീസണിലെ ഐപിഎല്ലിൽ പുതിയ ചാമ്പ്യന്മാരെ നമുക്ക് കാണാൻ സാധിക്കും. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അവർ തീർച്ചയായും പ്ലേ ഓഫിൽ ഉണ്ടാവും. ടൂർണമെൻ്റിൽ ആർസിബി കൂടുതൽ കൂടുതൽ അപകടകാരിയായി മാറിയിരിക്കുകയാണ്. വളരെ മികച്ച സംഘം ആയിട്ടാണ് അവർ കാണപ്പെടുന്നത്. ഓരോ മത്സരം കഴിയുന്തോറും ആർസിബി മെച്ചപ്പെട്ടു കൊണ്ടിരിക്കും.
വിരാട് കോഹ്ലി നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. മാക്സ്‌വെൽ ടീമിൽ തിരിച്ചെത്തി കഴിഞ്ഞു. ബാറ്റ് കൊണ്ട് അദ്ദേഹം എത്രമാത്രം അപകടകാരിയായ താരം ആണെന്ന് നമുക്കറിയാം. സ്പിന്നർമാർക്കെതിരെ വമ്പൻ ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കും. ടൂർണമെൻറ് പുരോഗമിക്കവേ ആർ സി ബിയുടെ ഭാഗത്തു നിന്നും നോക്കിയാൽ മാക്സ്‌വെൽ അവരുടെ പ്രധാനപ്പെട്ട താരമാണ്. ഡുപ്ലെസ്സി എന്ന ക്യാപ്റ്റൻ അവർക്ക് ലഭിച്ച ബോണസ് ആണ്.” രവി ശാസ്ത്രി പറഞ്ഞു.
മത്സരത്തില്‍ 190 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഡിസിക്കു ആര്‍സിബി നല്‍കിയത്. പക്ഷെ വിജയലക്ഷ്യം നയിച്ച ഡിസിക്കു ഏഴു വിക്കറ്റിനു 173 റണ്‍സെടുക്കാനേ ആയുള്ളൂ.